ബീഹാറിലും അട്ടിമറി ലക്ഷ്യമിട്ട് കെജ്‌രിവാള്‍; ചങ്കിടിപ്പോടെ രാഷ്ട്രീയ നേതൃത്വം

പാട്‌ന: ആറ് മാസത്തിനകം നടക്കുന്ന ബീഹാര്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാകും. ഡല്‍ഹിയില്‍ അധികാരമേറ്റാലുടന്‍ ഇനി കെജ്‌രിവാളിന്റെ കണ്ണുകള്‍ ബീഹാറിലേക്കായിരിക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.

രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങായ ബീഹാറിലെ നിലവിലെ ഭരണ പ്രതിസന്ധി ഉള്‍പ്പെടെ പ്രചാരണ വിഷയമാക്കി ശക്തമായ മുന്നേറ്റം നടത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. ഡല്‍ഹിയിലെ ചരിത്ര വിജയത്തിന്റെ ശില്‍പിയായ ‘മുഖ്യമന്ത്രി കെജ്‌രിവാള്‍’ബീഹാറില്‍ പ്രചാരണ രംഗത്തിന് നേതൃത്വം നല്‍കിയാല്‍ ബീഹാറിലെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കാന്‍ കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

പാര്‍ട്ടി സംഘടനാ സംവിധാനം താഴെ തട്ട് മുതല്‍ കെട്ടിപ്പടുക്കുന്നതിന് ഉടന്‍ തന്നെ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ആം ആദ്മി നേതൃത്വം വ്യക്തമാക്കി. ബീഹാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായ വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. ജാതി രാഷ്ട്രീയത്തിന്റെ വിളനിലമായ ബീഹാറില്‍ മാറ്റത്തിന്റെ പുതിയ ചരിത്രമെഴുതാന്‍ ആം ആദ്മി പാര്‍ട്ടിക്ക് പറ്റുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ 39 എംപിമാരും 246 എംഎല്‍എമാരുമാണ് ബീഹാറിലുള്ളത്.

Top