ബീഹാര്‍ ഫലം കേരളത്തിനും നിര്‍ണ്ണായകം; നെഞ്ചിടിപ്പോടെ രാഷ്ട്രീയ നേതൃത്വങ്ങള്‍…

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ബിജെപിക്കും നിര്‍ണ്ണായമാകും.

എസ്എന്‍ഡിപി യോഗമടക്കമുള്ള പിന്നോക്ക വിഭാഗ സംഘടനകളെ ഉള്‍പ്പെടുത്തി മൂന്നാം ബദലായി കേരളത്തില്‍ ശക്തി തെളിയിക്കാനൊരുങ്ങുന്ന ബിജെപിയെ അടിക്കാന്‍ ബീഹാറില്‍ നിന്ന് ഒരു ‘വടി’ കിട്ടുമോയെന്നാണ് ഇടത്-വലത് മുന്നണികള്‍ ഉറ്റുനോക്കുന്നത്.

ബിജെപി മുന്നണിയുടെ സാന്നിധ്യം ഏറ്റവും അധികം ഭീഷണി ഉയര്‍ത്തുന്നത് ഇടതുമുന്നണിക്ക് ആയതിനാല്‍ ബീഹാര്‍ നിയമസഭാവിധിയില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടാല്‍ സംസ്ഥാനത്ത് വലിയ ഗുണം ചെയ്യുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

മറിച്ചായാല്‍ അത് ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയാകുമെന്ന തിരിച്ചറിവും സിപിഎം നേതൃത്വത്തിനുണ്ട്.

ഒരു ലക്ഷത്തി അറുപതിനായിരം കോടിയുടെ പ്രത്യേക പാക്കേജ് തന്നെ കേന്ദ്ര സര്‍ക്കാര്‍ ബീഹാറിനായി പ്രഖ്യാപിച്ചിട്ടും ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മോഡിയുടെയും അമിത്ഷായുടെയും രാഷ്ട്രീയ നിലപാടുകള്‍ക്ക് വലിയ തിരിച്ചടിയാവും.

ബീഹാറിലെ വിധി തുടര്‍ന്ന് കേരളവും തമിഴ്‌നാടും ഉത്തര്‍പ്രദേശുമടക്കമുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിയെ സ്വാധീനിക്കുമെന്നതിനാല്‍ ഭരണം പിടിക്കാന്‍ സര്‍വ്വശക്തിയുമെടുത്താണ് സംഘ്പരിവാര്‍ ബീഹാറില്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ടെസ്റ്റ് റിഹേഴ്‌സലായതിനാല്‍ പരമാവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം പിടിച്ചെടുക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ബിജെപി ഇതര മുന്നണികള്‍ എല്ലാം ഒന്നിച്ചിട്ടും ബീഹാറില്‍ വിജയിക്കാനായാല്‍ അത് ചൂണ്ടിക്കാട്ടിയായിരിക്കും കേരളത്തിലെ മൂന്നാം ബദലിന്റെ കേരളത്തിലെ പ്രചാരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായെയും രംഗത്തിറക്കി ആര്‍എസ്എസ് നടത്തിയ കരുനീക്കത്തിനൊടുവില്‍ എസ്എന്‍ഡിപി നേതൃത്വത്തില്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ എന്‍ഡിഎയെയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതിനാല്‍ ബിജെപി കേന്ദ്ര നേതൃത്വം കേരള കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ്.

സിപിഎം വോട്ടുബാങ്കായ പിന്നോക്ക വിഭാഗത്തില്‍ വിള്ളലുണ്ടാക്കി കടന്നു കയറാന്‍ മൂന്നാം ബദലിന് കഴിയുമെന്നു തന്നെയാണ് അവരുടെ കണക്കുകൂട്ടല്‍.

എന്നാല്‍ എസ്എന്‍ഡിപിയോഗത്തിന്റെ കച്ചവട രാഷ്ട്രീയത്തിനെതിരെ ശക്തമായി രംഗത്തുവന്ന സിപിഎം ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തോട് ബിജെപി പരാജയപ്പെട്ടാല്‍ അത് കേരളത്തിലെ ഇടതുപക്ഷ നിലപാടിന് കരുത്ത് നല്‍കുമെന്ന പ്രതീക്ഷയിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് വിധി എന്തായാലും തിരിച്ചടി നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ പ്രാദേശിക വികാരമായി ഒതുക്കാന്‍ ശ്രമിച്ചാലും പ്രസക്തമാവുക ബീഹാര്‍ തെരഞ്ഞെടുപ്പ് വിധിയായിരിക്കും.

Top