ബീഹാര്‍ പിടിക്കാനുള്ള ലക്ഷം കോടിയുടെ പാക്കേജ് ഉള്ളിവിലയില്‍ ഒലിച്ചുപോകുമോ?

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിന് 1.25 ലക്ഷം കോടിയുടെ പാക്കേജ് സമ്മാനിച്ച് ഭരണം പിടിക്കാന്‍ ഇറങ്ങിയ ബി.ജെ.പിക്ക് ഉള്ളി വില വര്‍ധന തിരിച്ചടിയാകുമെന്ന് ആശങ്ക.

പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നവംബറില്‍ നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള മോഡിയുടെ തന്ത്രങ്ങള്‍ക്കാണ് ഉള്ളി വില വിലങ്ങുതടിയാകുന്നത്. രാജ്യത്ത് ഉള്ളി വില കിലോ ഗ്രാമിന് 80 രൂപ വരെ ഉയര്‍ന്നു കഴിഞ്ഞു. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ പ്രധാന വിഭവമായ ഉള്ളി വിലക്കയറ്റം സര്‍ക്കാരുകളെ തന്നെ മറിച്ചിട്ട ചരിത്രമാണുള്ളത്.

1979ലെ ഉള്ളി വിലക്കയറ്റമായിരുന്നു ജനതാ സര്‍ക്കാരിന്റെ പതനത്തിന് പ്രധാന കാരണം. 1998ല്‍ സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയെ താഴെ ഇറക്കിയത് ഉള്ളിയുടെ തീവിലയായിരുന്നു.

ഉള്ളിക്ക് വിലകുറക്കാന്‍ കഴിയാതിരുന്ന സുഷമക്കും ബി.ജെ.പിക്കും പിന്നീട് ഡല്‍ഹിയില്‍ സംസ്ഥാന ഭരണം ലഭിച്ചിട്ടില്ല. തുടര്‍ച്ചയായി 15 വര്‍ഷം കോണ്‍ഗ്രസിലെ ഷീലാ ദീക്ഷിതിനെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാനുള്ള വഴിതെളിച്ചതും ഉള്ളി വില നിയന്ത്രിക്കാന്‍ കഴിയാത്ത ബി.ജെ.പിയുടെ പിടിപ്പുകേടാണ്.

കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഉള്ളിക്ക് വിലകുറച്ചില്ലെങ്കില്‍ ജനങ്ങള്‍ എതിരാകുമെന്നത് ഉറപ്പാണ്. രാഷ്ട്രീയത്തിനതീതമായാണ് ഉത്തരേന്ത്യന്‍ ജനത ഉള്ളി വിലക്കയറ്റത്തില്‍ പ്രതികരിക്കുക.

ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ബി.ജെ.പി എം.പിമാര്‍ക്ക് ഇനി ഉള്ളി കിട്ടണമെങ്കില്‍ പാക്കിസ്ഥാന്റെ കാലുപടിക്കേണ്ടി വരും. പാക്കിസ്ഥാനില്‍ നിന്നും അടിയന്തിരമായി ഉള്ളി ഇറക്കുമതി ചെയ്താലെ വില പിടിച്ചുനിര്‍ത്താന്‍ കഴിയൂ. അതിനു വഴിയൊരുങ്ങിയില്ലെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സവാള ഉത്പാദക രാജ്യമായ ചൈന കനിയണം.

Top