ബീഹാര്‍ തെരഞ്ഞെടുപ്പ്: എന്‍ഡിഎ സീറ്റ് വിഭജനം ധാരണയായി; മാഞ്ചിയുടെ പാര്‍ട്ടിക്ക് 20 സീറ്റ്

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. അമിത് ഷായുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയ്ക്ക് 20 സീറ്റ് അനുവദിക്കാന്‍ ധാരണയായതോടെയാണ് തര്‍ക്കം പരിഹരിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ 15 സീറ്റായിരുന്നു ബിജെപി മാഞ്ചിക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ 20 സീറ്റ് വേണമെന്ന ആവശ്യത്തില്‍ മാഞ്ചി ഉറച്ചുനിന്നു. ഇതാണ് ചര്‍ച്ച നീണ്ടുപോകാന്‍ കാരണം. ഒടുവില്‍ മാഞ്ചിയുടെ ആവശ്യം അംഗീകരിച്ച് ആവശ്യപ്പെട്ട മുഴുവന്‍ സീറ്റും നല്‍കാന്‍ ബിജെപി തയ്യാറായി. ചര്‍ച്ചയില്‍ പാസ്വാന് നല്‍കുന്ന പരിഗണന തങ്ങള്‍ക്കും വേണമെന്ന നിലപാടാണ് മാഞ്ചി സ്വീകരിച്ചത്. 20 സീറ്റ് ലക്ഷ്യമിട്ടായിരുന്നു മാഞ്ചി പാസ്വാന് നല്‍കിയതുപോലെ 40 സീറ്റില്‍ അവകാശം ഉന്നയിച്ചത്.

ബിജെപി 160 സീറ്റിലും ജീതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച 20 സീറ്റിലും, രാംവിലാസ് പസ്വാന്റെ എല്‍ജെപി 40 സീറ്റിലും ആര്‍എസ്എല്‍പി 23 സീറ്റിലും മല്‍സരിക്കും. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച ചില സീറ്റുകളില്‍ ബിജെപി ചിഹ്നത്തില്‍ മല്‍സരിക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

Top