ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎം; പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരും

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരും ഇടഞ്ഞ് നില്‍ക്കുന്നവരുമായ സഖാക്കളെ തിരികെ പാര്‍ട്ടിയോട് സഹകരിപ്പിക്കാന്‍ സി.പി.എം തീരുമാനം.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സി.പി.എം അസംതൃപ്തരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബി.ജെ.പി പദ്ധതിയൊരുക്കിയ സാഹചര്യത്തിലാണ് തന്ത്രപരമായ ഈ നീക്കം.

മുന്‍ കാലങ്ങളില്‍ സി.പി.എം പുറത്താക്കിയവരും പുറത്ത് പോയവരും സി.പി.ഐ, സി.എം.പി, തീവ്ര ഇടത് സംഘടനകള്‍ തുടങ്ങിയവലിലേക്ക് ചേക്കേറുകയോ അല്ലെങ്കില്‍ നിഷ്‌ക്രിയരായി മാറിനില്‍ക്കുകയോ ആണ് ചെയ്യാറുള്ളത്.

എന്നാല്‍ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ കണ്ണൂരില്‍ സി.പി.എമ്മിലേക്ക് കടന്നുവരികയും കമ്മ്യൂണിസ്റ്റ് – ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രങ്ങളുടെ അന്തരം ‘കുറഞ്ഞ്’ വരികയാണെന്ന പ്രചരണത്തില്‍പ്പെട്ട് സി.പി.എം അനുഭാവികളും പ്രവര്‍ത്തകരും ബി.ജെ.പി പാളയത്തിലേക്ക് പോകുന്നത് തടയാനുമാണ് കോടിയേരിയുടെ കര്‍മ്മ പദ്ധതി.

വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചവരെയും നടപടി നേരിട്ടവരെയും തിരികെ കൊണ്ടുവരാന്‍ അതാത് ഘടകങ്ങളോട് മുന്‍കൈ എടുക്കാന്‍ സംസ്ഥാന നേതൃത്വം കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

യു.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ആഗസ്റ്റ് 11-ന് മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ നടക്കുന്ന ജനകീയ പ്രതിരോധ കോട്ട ബി.ജെ.പി ക്ക് എതിരായ മുന്നേറ്റം കൂടി ആക്കാനാണ് പദ്ധതി.

മുന്‍പ് നടത്തി വിജയിപ്പിച്ച മനുഷ്യ ചങ്ങലയേക്കാള്‍ കൂടുതല്‍ ജനവിഭാഗങ്ങളെ പ്രതിരോധ കോട്ടയില്‍ പങ്കെടുപ്പിക്കാനാണ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇതിന്റെ ഭാഗമായി അടുത്ത മാസം ഒന്നുമുതല്‍ അഞ്ച് വരെ ബൂത്ത് തലത്തില്‍ കുടുംബയോഗങ്ങളും വീടുകളില്‍ ലഘുലേഖന വിതരണവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

യുവജന-വിദ്യാര്‍ത്ഥി- പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രാതിനിധ്യവും ഉറപ്പ് വരുത്താന്‍ പ്രത്യേക നിര്‍ദ്ദേശമാണ് സി.പി.എം. നല്‍കിയിട്ടുള്ളത്.

എല്ലാ സമുദായത്തില്‍പ്പെട്ടവരും സാംസ്‌കാരി- ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിരോധ കോട്ടയില്‍ പങ്കെടുക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി നേതൃതലത്തില്‍ ഇടപെടലിനായി പ്രത്യേക സംവിധാനവും പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ തന്നെ നേരിട്ട് സെലിബ്രിറ്റികളെ ക്ഷണിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അരുവിക്കര തിരഞ്ഞെടുപ്പോടെ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന യു.ഡി.എഫ് പ്രചാരണത്തിനും സി.പി.എം. വോട്ട് പിടിച്ച് കരുത്ത് കാട്ടുമെന്ന, ബി.ജെ.പി പ്രചാരണത്തിനും ജനകീയ പ്രതിരോധ കോട്ട മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.

Top