മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഇനി ഭരണം നടത്താനാകില്ലെന്ന് ശിവസേന മുഖപത്രം

മുംബൈ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ട് നേടിയ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം. ഇനി ഒരു ദിവസം പോലും ഭരിക്കാനുള്ള ധാര്‍മിക അവകാശം ബി.ജെ.പി ക്ക് നഷ്ടപ്പെട്ടെന്ന് ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയലില്‍ പറയുന്നു.

ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിന് അവര്‍ മറുപടി പറയണം. ശബ്ദവോട്ടില്‍ അവര്‍ ഭൂരിപക്ഷം തെളിയിച്ചേക്കാം. പക്ഷേ, ശബ്ദവോട്ടല്ല യഥാര്‍ത്ഥ ഭൂരിപക്ഷമെന്നും പത്രം പറയുന്നു.

ബ.ജെ.പി സര്‍ക്കാര്‍ കഷ്ടിച്ച് ഇന്നലെ വിശ്വാസ വോട്ടിന്റെ കടമ്പ കടന്നെങ്കിലും ഇത് അംഗീകരിക്കില്ലെന്ന് ഇന്നലെ തന്നെ ശിവസേന വ്യക്തമാക്കിയിരുന്നു. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ സേനാ, കോണ്‍ഗ്രസ് എം.എല്‍.എമാര്‍  സഭയ്ക്ക് പുറത്ത് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ തടയുകയും ചെയ്തിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടു മുമ്പ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഹരിബാവു ബാഗ്‌ഡെയെ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ് രാംദാസ് കദം അറിയിച്ചിട്ടുണ്ട്.

Top