ബിഹാറില്‍ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ പിടിയില്‍

പട്‌ന: ബിഹാറിലെ ജമൂയി ജില്ലയില്‍ എല്‍ജെപി സ്ഥാനാര്‍ഥിക്കു നേരെ വെടിവയ്പ്പ്. സ്ഥാനാര്‍ഥിക്കു പരുക്കില്ല. അക്രമി സംഘത്തിലെ ഒരാളെ പിടികൂടിയിട്ടുണ്ട്. അക്രമത്തെത്തുടര്‍ന്ന് ഇവിടുത്തെ പോളിങ് അവസാനിപ്പിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയാണ് ജമൂയി.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ മൂന്നു മണിവരെ 49% പേര്‍ വോട്ട് രേഖപ്പെടുത്തി. പല ബൂത്തുകള്‍ക്കു മുന്നിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ പ്രത്യക്ഷമാണ്. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകളില്‍ വോട്ടിങ്ങ് മന്ദഗതിയിലാണ്.

അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 49 മണ്ഡലങ്ങളിലെ 1.35 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമയമെങ്കിലും മാവോയിസ്റ്റ് മേഖലകളില്‍ നാലുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

ബിഹാറിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. യുവാക്കളായ സുഹൃത്തുക്കളോട് നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്താന്‍ മോദി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

Top