ബിഹാറില്‍ മഹാസഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. ബിഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന കാട്ടുഭരണം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ജയറ്റ്‌ലി അഭിപ്രായപ്പെട്ടു. ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദേഹം.

കോണ്‍ഗ്രസ്-ജെഡി(യു)-ആര്‍ജെഡി എന്നിവര്‍ ഒരുമിക്കുന്ന മഹാസഖ്യത്തെ അവസരവാദ സഖ്യമെന്ന് വിശേഷിപ്പിച്ച ജയ്റ്റ്‌ലി രാഷ്ട്രീയ സ്ഥിരത എന്നത് ഈ സഖ്യത്തിലുള്ള ഒരു പാര്‍ട്ടിയെയും തൊട്ടു തീണ്ടിയിട്ടില്ലെന്നും പരിഹസിച്ചു.

ബിഹാറിലെ ജനങ്ങളെ എന്നും തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടികളാണ് ഇവ മൂന്നും. പിന്നാക്കാവസ്ഥയില്‍പ്പെട്ടു കിടക്കുന്ന ബിഹാറിനെ നമുക്കു രക്ഷിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്, ജെഡി(യു), ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ നീണ്ട 68 വര്‍ഷം ബിഹാര്‍ ഭരിച്ചെങ്കിലും സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ല. ബിജെപി ഇന്നു പുറത്തിറക്കുന്ന പ്രകടന പത്രിക ഈ പിന്നോക്കാവസ്ഥയില്‍നിന്ന് ബിഹാറിനെ മോചിപ്പിച്ചു വികസനത്തിലേക്കു നയിക്കുന്നതിനുള്ള രേഖമൂലമുള്ള ഉറപ്പാണ് ജയ്റ്റ്‌ലി പറഞ്ഞു.

ബിഹാറിലെ യുവജനങ്ങള്‍ മെച്ചപ്പെട്ട തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നത് അവസാനിപ്പിക്കാന്‍ ഉതകുന്ന രീതിയിലുള്ള വികസന കാഴ്ചപ്പാടാണ് ബിജെപിയുടേതെന്നും അദേഹം പറഞ്ഞു.

പിന്നാക്കാവസ്ഥയിലായിരുന്ന മധ്യപ്രദേശിനെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 15 വര്‍ഷത്തെ ഭരണംകൊണ്ട് വികസനത്തിന്റെ വഴിയിലേക്കു കൊണ്ടുവന്നതായും ജയ്റ്റ്‌ലി അവകാശപ്പെട്ടു.

Top