ബിഹാറില്‍ ജെ.ഡി.യും ആര്‍.ജെ.ഡി.യും നൂറ് സീറ്റില്‍ വീതം മത്സരിക്കാന്‍ ധാരണയായി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡി.യുവും കോണ്‍ഗ്രസും ധാരണയിലെത്തി. ആകെയുള്ള 243 സീറ്റില്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും നൂറ് സീറ്റില്‍ വീതം മത്സരിക്കും. കോണ്‍ഗ്രസ് 40 സീറ്റിലും മത്സരിക്കും.2010ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന ജെ.ഡി(യു) 141 സീറ്റിലാണ് മത്സരിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതോടെ നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയായിരുന്നു. ഇത്തവണ ആര്‍.ജെ.ഡിയുമായി ചേര്‍ന്നാണ് ജെ.ഡി(യു) മത്സരിക്കുന്നത്. എന്നാല്‍, കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവിന് മത്സരിക്കാനാവില്ല.

നിതീഷും ലാലുവും ഒന്നിച്ച ശേഷം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ചടത്തോളം കടുത്ത വെല്ലുവിളിയാണ്. നിലവില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി(യു) ആണ് ബിഹാര്‍ ഭരിക്കുന്നത്. 243 അംഗ നിയമസഭയില്‍ 101 അംഗങ്ങളാണ് ജെ.ഡി(യു)വിനുള്ളത്. ബി.ജെ.പിക്ക് 88ഉം ആര്‍.ജെ.ഡിക്ക് 24ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് അഞ്ച് സീറ്റും സി.പി.ഐയ്ക്ക് ഒരു സീറ്റുമുണ്ട്.

ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ അഞ്ച് ഘട്ടങ്ങളായിട്ടായിരിക്കും ബിഹാറില്‍ തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. നവംബര്‍ 29നാണ് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുക.

Top