ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 583 സ്ഥാനാര്‍ത്ഥികള്‍

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 49 മണ്ഡലങ്ങളിലെ 1.35 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമയമെങ്കിലും മാവോയിസ്റ്റ് മേഖലകളില്‍ നാലുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകളില്‍ വോട്ടിങ്ങ് മന്ദഗതിയിലാണ് നടക്കുന്നത്. അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

49 സീറ്റുകളിലേക്ക് 54 വനിതകള്‍ ഉള്‍പ്പടെ ആകെ 583 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി (27), ജെഡിയു (24), ആര്‍ജെഡി (17), എല്‍ജെപി (13), കോണ്‍ഗ്രസ് (8), ബിഎസ്പി (41), ആര്‍എല്‍എസ്പി (6), എച്ച്എഎം (3), സിപിഐ (25), സിപിഎം (12) എന്നിങ്ങനെയാണു വിവിധ കക്ഷികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യവും മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ മതനിരപേക്ഷ സഖ്യവും വാശിയേറിയ പ്രചാരണത്തിലാണ്.

അഞ്ചു ഘട്ടങ്ങളായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Top