ബിഹാറിലെ തോല്‍വി:മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് അദ്വാനി

ദില്ലി: ബിഹാറില്‍ ഏറ്റ കനത്ത പരാജയത്തിനു പിന്നാലെ മോദിഅമിത്ഷാജെയ്റ്റ്‌ലി കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ചു അദ്വാനി ക്യാമ്പ്. ബിഹാര്‍ തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം ആണെന്ന് പറഞ്ഞു നേതൃത്വത്തിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്ന് എല്‍കെ അദ്വാനിമുരളി മനോഹര്‍ ജോഷി യശ്വന്ത് സിന്‍ഹ എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ അറിയിച്ചു. പ്രചാരണം നയിച്ചവര്‍ അല്ല തോല്‍വി വിലയിരുത്തേണ്ടതെന്നും കൂട്ടായ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തുന്നു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാര്‍ട്ടി പാഠം പഠിച്ചില്ലെന്നാണ് ബിഹാര്‍ഫലം വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍ണയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘പാര്‍ട്ടി നിര്‍ജീവമായതാണ് ബിഹാറിലെ തോല്‍വിയുടെ പ്രധാനകാരണം. അമിതവിധേയത്വം കാണിക്കുന്ന ഏതാനും ചിലരുടെ കൈകളില്‍ പാര്‍ട്ടി അകപ്പെട്ടതും അഭിപ്രായ സമന്വയത്തിന്റേതായ അതിന്റെ സ്വഭാവം നശിപ്പിക്കപ്പെട്ടതും എങ്ങനെയെന്ന് വിലയിരുത്തണം.’ മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് പാര്‍ട്ടിയുടെ ആദ്യകാലനേതാക്കള്‍ അദ്ദേഹത്തിന്റെ ശൈലിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തുന്നത്.

പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് മാത്രമല്ല പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വിശദമായ ചര്‍ച്ച ആവശ്യമാണെന്നും അദ്വാനി ക്യാമ്പ് ആവശ്യപ്പെടുന്നു. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയവര്‍ ഈ വിലയിരുത്തലിന് നേതൃത്വം നല്‍കരുതെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

Top