ബിയര്‍ – വൈന്‍ പാര്‍ലറുകളുടെ മറവില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത് മദ്യ അരാജകത്വം

മദ്യ നയത്തില്‍ മലക്കം മറിഞ്ഞ സര്‍ക്കാര്‍ കേരളത്തെ കൊണ്ടുപോകുന്നത് മദ്യ അരാജകത്വത്തിലേക്ക്. അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും ബിയര്‍ – വൈന്‍ പാര്‍ലറുകളായി മാറുന്നതോടെ നിയന്ത്രണമില്ലാത്ത മദ്യപാനത്തിലേക്കാണ് സമൂഹം തള്ളി വിടപ്പെടുന്നത്.

ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ ചെറുപ്പക്കാരായ കൂടുതല്‍ മദ്യപാനികളെ സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ ഇതു സംബന്ധമായ വിവിധ പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. കേരളത്തിലെ ചെറുപ്പക്കാരില്‍ മദ്യപാനികളില്‍ നല്ലൊരു വിഭാഗവും ബിയര്‍ – വൈന്‍ ഉപയോഗത്തില്‍ നിന്നാണ് കടുത്ത മദ്യപാനത്തിലേക്ക് വഴുതി വീണിട്ടുള്ളത്.

ആല്‍ക്കഹോള്‍ അളവ് കൂടുതലുള്ള ബിയറും വൈനും അധികമായാല്‍, മദ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കുക. ലഹരി വര്‍ദ്ധിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബാറുടമകള്‍ വീര്യം കൂടിയ ബിയറും വൈനും വിപണിയിലെത്തിക്കുമെന്ന കാര്യവും ഉറപ്പാണ്. മദ്യലോബികളുമായി ചേര്‍ന്ന് ഇതിനായുള്ള ചര്‍ച്ചകളും മന്ത്രിസഭാ തീരുമാനം വന്നതിന് ശേഷം ബാറുടമകള്‍ തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍ ബിയറിന്റെ മറവില്‍ മദ്യം വിളമ്പുമെന്ന ആശങ്കയും വ്യാപകമാണ്. എല്ലാ ബാറുകളിലും പരിശോധന നടത്താനുള്ള സംവിധാനം സംസ്ഥാനത്തെ എക്‌സൈസ് വകുപ്പിനുമില്ല.

ഫലത്തില്‍ നിലവിലുണ്ടായിരുന്ന ബാറുകളേക്കാള്‍ ഇരട്ടി പ്രത്യാഘാതങ്ങളാണ് ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ സൃഷ്ടിക്കാന്‍ പോകുന്നത്. മദ്യ ലോബിയെ പ്രീതിപ്പെടുത്തുന്നതിന് വലിയ ഒരു ദുരന്തത്തിനാണ് സര്‍ക്കാര്‍ സാഹചര്യമൊരുക്കിയിരിക്കുന്നത്. പത്ത് വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തനിനിറമാണ് ഇതുവഴി പുറത്തായിരിക്കുന്നത്.

Top