ബിജെപി സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പുവരുത്താന്‍ അടവുനയവുമായി സിപിഎം

കോഴിക്കോട്: ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വിജയ സാധ്യതയുള്ള സീറ്റില്‍ അവരുടെ പരാജയം ഉറപ്പാക്കാന്‍ കൊടിയുടെ നിറം നോക്കേണ്ടെന്ന് സിപിഎം തീരുമാനം.

ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ അവരോട് നേരിട്ട് ഏറ്റുമുട്ടുന്ന രണ്ടാമത്തെ പാര്‍ട്ടിയും വ്യക്തികളും ആരാണെങ്കിലും അവരെ സഹായിച്ചാണെങ്കിലും ബിജെപി സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പുവരുത്തണമെന്നാണ് സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

മുസ്ലീംലീഗ്, വിവിധ മുസ്ലീം സംഘടനകള്‍, ക്രൈസ്തവ സംഘടനകള്‍ എന്നിവ മാത്രമല്ല യുഡിഎഫിലെ നിലവിലെ ഘടക കക്ഷികളായ ആര്‍എസ്പി, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളെയും അനിവാര്യമായ ‘ഘട്ടത്തില്‍’ സഹായിക്കാനാണ് നിര്‍ദ്ദേശം.

എസ്എന്‍ഡിപി യോഗവുമായി ധാരണയുണ്ടാക്കിയതുകൊണ്ട് മാത്രം കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പു ബോധ്യപ്പെടുത്തിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനേക്കാള്‍ സിപിഎമ്മിനാണ് കഴിയുക എന്ന വിലയിരുത്തല്‍ മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കിടയിലും ഇ.കെ വിഭാഗം സുന്നികള്‍ക്കിടയിലുമെല്ലാം ശക്തിപ്പെടുന്നത് യുഡിഎഫ് വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

വെള്ളാപ്പള്ളി -ബിജെപി കൂട്ടുകെട്ടിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന പാര്‍ട്ടി പ്രചാരണം യുഡിഎഫ് അണികള്‍ക്കിടയിലും അവരെ വിശ്വസിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയിലും ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ടെന്ന വിലയിരുത്തലും സിപിഎം നേതൃത്വത്തിനുണ്ട്.

വെള്ളാപ്പള്ളിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ അത് ശക്തമായ ‘ആയുധ’മാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ലീഗിനോടുള്ള പഴയ സമീപനമല്ല ഇപ്പോള്‍ തങ്ങള്‍ക്ക് അവരോടുള്ളതെന്ന് പറഞ്ഞ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ലീഗ് അനുഭാവികളുടെ വോട്ടാണ് ലക്ഷ്യമിടുന്നത്.

ന്യൂനപക്ഷ വര്‍ഗ്ഗീയതയേക്കാള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെയാണ് കൂടുതല്‍ അപകടകരമായി സിപിഎം ചിത്രീകരിക്കുന്നത്. അതിന് രാജ്യത്ത് അടുത്തയിടെ നടന്ന തല്ലിക്കൊല്ലല്‍ സംഭവവും കരി ഓയില്‍ പ്രയോഗവും എഴുത്തുകാരെയും നേതാക്കളെയും വെടിവെച്ചുകൊല്ലുന്നതുമെല്ലാം ഉദാഹരണസഹിതമായി അവര്‍ എടുത്തുകാട്ടുന്നുണ്ട്.

മോഡിയുടെ ഭരണത്തിന്‍ കീഴില്‍ ഹിന്ദുത്വ തീവ്രവാദികളെ കയറൂരി വിട്ടതിന്റെ പരിണിത ഫലമാണ് ഈ ആക്രമണ സംഭവങ്ങളെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്.

Top