ബിജെപി പിടിക്കുന്ന വോട്ടുകള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കും

തിരുവനന്തപുരം: അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ പിടിക്കുന്ന വോട്ടുകള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കും.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച 14,000 വോട്ടുകള്‍ക്ക് മുകളില്‍ വലിയ ഒരു മുന്നേറ്റം ബിജെപി അരുവിക്കരയില്‍ കാഴ്ചവയ്ക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും സംശയമില്ല.

എന്നാല്‍ ബിജെപി ആരുടെ വോട്ട് ബാങ്കാണ് ചോര്‍ത്തുക, അത് എത്രമാത്രം വരും എന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തതയില്ലാത്തത്.

സൂപ്പര്‍ താരം സുരേഷ്‌ഗോപിക്കൊപ്പം അവസാനനിമിഷം നടത്തിയ റോഡ് ഷോയും പൊതുയോഗങ്ങളും ഒ രാജഗോപാലിന്റെ അട്ടിമറി വിജയത്തിന് കളമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സംഘ്പരിവാര്‍ സംഘടനകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും കേന്ദ്ര ഭരണത്തിന്റെ ആനുകൂല്യവും മുന്നണി ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പും അരുവിക്കരയില്‍ താമര വിരിയിക്കാനുള്ള സാഹചര്യമുണ്ടാക്കിയെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശ വാദം.

ഈഴവനായര്‍ വോട്ടുകളില്‍ നല്ലൊരു പങ്ക് രാജഗോപാലിന് ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.

പുതു തലമുറയുടെ വോട്ടിനൊപ്പം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറണമെന്ന് ആഗ്രഹിക്കുന്ന വിഭാഗത്തിന്റെ വോട്ടും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞാല്‍ പോലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ ബിജെപിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Top