ബിജെപി ‘കറുത്ത കുതിര’യാകുമെന്ന് ഉറപ്പിച്ച് സിപിഎമ്മും; വോട്ട് നേട്ടമുണ്ടാക്കുക ബിജെപി

തിരുവനന്തപുരം: അരുവിക്കരയില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിജെപി ഒ രാജഗോപാലിനെ പോലെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഭരണപക്ഷ വിരുദ്ധ വികാരം ഭിന്നിക്കാന്‍ കാരമണമായതായും ഇതിന്റെ നേട്ടം യുഡിഎഫിന് ലഭിച്ചേക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലിരിക്കുന്ന സിപിഎം-ഇടത് സ്ഥാനാര്‍ത്ഥികളെ ആശങ്കപ്പെടുത്തുന്നതാണ് കോടിയേരിയുടെ പ്രതികരണം.

45,000 വോട്ടോളം നേടി രാജഗോപാല്‍ വിജയിക്കുമെന്ന തങ്ങളുടെ വാദത്തിന് ശക്തി പകരുന്നതാണ് കോടിയേരിയുടെ വെളിപ്പെടുത്തലെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടാണ് ബിജെപി നേടിയിരുന്നത്. 14,000 വോട്ടാണ് അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അന്ന് നേടിയിരുന്നത്.

യുഡിഎഫ് വിരുദ്ധ വികാരത്തെ വോട്ടാക്കാന്‍ ഇടത് മുന്നണി മാത്രമല്ല ബിജെപിയും ശ്രമിച്ചത് പുതിയ സംഭവ വികാസമാണെന്ന് ചൂണ്ടിക്കാട്ടിയ കോടിയേരി, പര്‍ട്ടി ഇത് സംബന്ധമായി ആലോചന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേരിടുന്ന വലിയ വെല്ലുവിളി ബിജെപി പിടിക്കുന്ന വോട്ടുകളായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഭരണ വിരുദ്ധ വികാരം ഭിന്നിക്കുന്നത് അരുവിക്കരയില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും ആവര്‍ത്തിച്ചാല്‍ അത് യുഡിഎഫിന് ഭരണ തുടര്‍ച്ച നല്‍കിയാലും അത്ഭുതപ്പെടാനില്ലാത്ത സാഹചര്യമാണ് നിലവില്‍.

അരുവിക്കരയില്‍ ഏത് സ്ഥാനാര്‍ത്ഥി വിജയിച്ചാലും വോട്ട് വര്‍ധനവ് ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്നത് ബിജെപി ആയിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ നേടിയ 14,000 വോട്ടില്‍ നിന്ന് ബഹുദൂരം മുന്നോട്ട് പോകാന്‍ ഒ രാജഗോപാലിന് കഴിഞ്ഞു എന്നതാണ് ഇതിന് കാരണം.

വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിന്റെ കണക്കുകളാണ് ഇരു മുന്നണികളുടെയും ബിജെപിയുടെയും അവകാശ വാദങ്ങളുടെ ആധാരം. 2011ല്‍ 1,65,638 വോട്ടര്‍മാരായിരുന്നു അരുവിക്കരയില്‍. ഇപ്പോള്‍ അത് 1,84,223 ആയി ഉയര്‍ന്നു. ഇതില്‍ 1.42 ലക്ഷം പേര്‍ വോട്ട് ചെയ്തു. (77.35) ശതമാനം.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചില്‍ വിജയ സാധ്യതകളുമായി ഇരുമുന്നണികളും ബിജെപിയും കൂട്ടി വായിക്കുന്നു.

പൂവച്ചല്‍, വെള്ളനാട്, പഞ്ചായത്തുകളാണ് ശബരിക്ക് കൂടുതല്‍ വോട്ടുകള്‍ നേടികൊടുക്കുക. ഈ പഞ്ചായത്തുകളില്‍ യഥാക്രമം 3000,2500 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുന്നു.

വിതുരയിലും ആര്യനാട്ടും ഉഴമലയ്ക്കലും പിന്നില്‍ പോയാലും പൂവച്ചലും വെള്ളനാടും കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാമെന്ന് മുന്നണി കണക്ക് കൂട്ടുന്നു. തൊളിക്കോടും ആയിരത്തില്‍ താഴെ വോട്ടിന്റെ ലീഡ് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.

അരുവിക്കരയിലും വലിയ ഭൂരിപക്ഷമില്ലെങ്കിലും മുന്നില്‍ വരും. കുറ്റിച്ചലില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കും എന്നിങ്ങനെ പോകുന്നു യുഡിഎഫ് പ്രതീക്ഷകള്‍.

വെള്ളനാട്, പൂവച്ചല്‍ പഞ്ചായത്തുകളില്‍ പിന്നില്‍ പോകുമെന്ന് എല്‍ഡിഎഫ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ശേഷിക്കുന്ന ആറ് പഞ്ചായത്തിലും അവര്‍ മുന്നിലെത്തുമെന്ന് അവകാശപ്പെടുന്നു.

ആര്യനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളില്‍ 1800 വീതം വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. കുറ്റിച്ചലും തൊളിക്കോടും ഭൂരിപക്ഷം കുറയുമെങ്കിലും പിന്നില്‍ പോകില്ലെന്നും എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

ആര്യനാടും (79.7 ശതമാനം) ഉഴമലയ്ക്കലും(78.45 ശതമാനം) പോളിംഗ് ശതമാനം കുത്തിയുയര്‍ന്നത് സിപിഎമ്മിന് നേട്ടമാണെന്ന് എതിരാളികളും സമ്മതിക്കുന്നു.

വെള്ളനാട്. ഉഴമലയ്ക്കല്‍, പൂവച്ചല്‍ പഞ്ചായത്തിലെ വീരണകാവ് എന്നീ സ്ഥലങ്ങളാണ് മണ്ഡലത്തിലെ ബിജെപി ശക്തികേന്ദ്രങ്ങള്‍. തൊളിക്കോടും ആര്യനാട്ടും ബിജെപിക്ക് വലിയ പ്രതീക്ഷയില്ല. അരുവിക്കര, വിതുര പഞ്ചായത്തുകളിലും നേരീയ ഭൂരിപക്ഷത്തോടെ മുന്നിലെത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഇരുമുന്നണികളോടും അതൃപ്തിയുള്ള വലിയ വിഭാഗം എല്ലാ പഞ്ചായത്തുകളിലുമുണ്ടെന്നും അവര്‍ രാജഗോപാലിന് വോട്ട് ചെയ്തിട്ടുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുതിയ വോട്ടര്‍മാരുടെയും സ്ത്രീ വോട്ടര്‍മാരുടെയും പിന്‍തുണക്കാര്യത്തില്‍ മൂന്ന് കൂട്ടര്‍ക്കും അഭിപ്രായ ഐക്യമില്ല.

Top