ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കേരളം തുണച്ചു; ഉമ്മന്‍ചാണ്ടിയുടെ തനിനിറം പുറത്തായി

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നയം അംഗീകരിച്ച് കേരള സര്‍ക്കാര്‍ പിന്‍തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ദേശീയതലത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദ്ര സിങ്ങിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

അരുവിക്കര വിജയത്തിന്റെ ആഹ്ലാദത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഉടന്‍ നിലപാട് തിരുത്താന്‍ ഹൈക്കമാന്റ് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ മാസം കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് കേരളം കേന്ദ്രനിലപാട് അംഗീകരിച്ചതെന്നാണ് കേന്ദ്ര മന്ത്രി ബീരേന്ദ്ര സിങ് പറഞ്ഞത്. യുപിഎ സര്‍ക്കാര്‍ പാസാക്കിയ 2013ലെ നിയമം പ്രായോഗികമല്ലെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ലെന്നുമാണ് കേരളവും മറ്റു രണ്ട് കോണ്‍ഗ്രസ് സംസ്ഥാനങ്ങളും യോഗത്തില്‍ അഭിപ്രായപ്പെട്ടത്.

ഭൂമി ഏറ്റെടുക്കല്‍ സാധ്യമാക്കുന്ന നിയമഭേദഗതിയെ അംഗീകരിക്കുമെന്നും കേരളം അറിയിച്ചു. ബില്ലില്‍ രണ്ടോ മൂന്നോ ഭേദഗതികള്‍ മാത്രമാണ് കേരളം മുന്നോട്ടുവെച്ചത്. അവ പരിഗണിക്കുന്നതില്‍ പ്രയാസമൊന്നുമില്ലെന്ന് കേന്ദ്ര മന്ത്രി ചൗധരി ബീരേന്ദ്ര സിങ് ചൂണ്ടി. കേരളത്തിന്റെ നിലപാടാണ് കേന്ദ്രത്തിനുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. യുപിഎ സര്‍ക്കാറിന്റെ നിയമത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള തടസ്സം ഒഴിവാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

അതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ആ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി പരിശോധിക്കുകയാണ്. പുതിയ ബില്ലില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും എന്നാല്‍, ഭൂമി ഏറ്റെടുക്കാനുള്ള തടസ്സം ഒഴിവാക്കുന്ന തരത്തിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് നിലവില്‍ തുടരുന്ന നിയമം തിരുത്തിയെഴുതിയാണ് 2013ല്‍ യുപിഎ സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ഭൂമി ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക നഷ്ടങ്ങള്‍ക്ക് സുതാര്യമായും പങ്കാളിത്തത്തോടെയും നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നതായിരുന്നു ആ ബില്‍. 2014 ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തിലാക്കി.

എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ആവശ്യാനുസരണം ഭൂമി ഏറ്റെടുക്കുന്ന തരത്തിലായിരുന്നു ബിജെപിയുടെ ഭൂമിഏറ്റെടുക്കല്‍ ബില്‍. ഭൂ ഉടമകളുടെ അനുമതി ഇല്ലാതെ തന്നെ കൃഷിഭൂമി ഏറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു.

ബിജെപിയുടെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭമാണ് കോണ്‍ഗ്രസ് ആരംഭിച്ചത്.

മോഡിയെ കര്‍ഷകരുടെ ഭൂമി കവര്‍ന്നെടുക്കുന്ന ബൂട്ട് സൂട്ട് സര്‍ക്കാരെന്നു വിളിച്ചാണ് രാഹുല്‍ ആക്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്ന ബില്ലിനെ കേരളം തുണച്ചത് ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നിലപാട് തിരുത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അരുവിക്കര തിരിച്ചടിയില്‍ അന്തംവിട്ട് നില്‍ക്കുന്ന സിപിഎമ്മിനും ഇടത് മുന്നണിക്കും മുഖ്യമന്ത്രിയെയും ബിജെപിയെയും ആക്രമിക്കാനുള്ള ഒന്നാന്തരം ആയുധമായി ഭൂമിയേറ്റെടുക്കല്‍ ബില്‍ മാറുമെന്നുറപ്പാണ്.

ഒ രാജഗോപാലിനെ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കി പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് അദാനി ഗ്രൂപ്പുമായി മുഖ്യമന്ത്രി ഇടപെടല്‍ നടത്തിയെന്ന സിപിഎം ആരോപണത്തിന് ശക്തിപകരുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിലപാട്.

Top