ബിജിമോളുടെ നടപടിയില്‍ നേതൃത്വത്തിന് അതൃപ്തി; ജില്ലാ കമ്മിറ്റിയോട്‌ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ഇടുക്കി എ.ഡി.എമ്മിനെതിരായ ബിജിമോള്‍ എം.എല്‍.എയുടെ നടപടിയില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും ഇടത് മുന്നണിയും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പൊതു സമൂഹത്തിനിടയില്‍ അവമതിപ്പുണ്ടാക്കിയ എം.എല്‍.എയുടെ നടപടിയില്‍ സി.പി.ഐ നേതൃത്വം വിശദീകരണം തേടുമെന്നാണ് സൂചന.

പരസ്യമായി ബിജിമോളെ പിന്‍തുണച്ച് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും പാര്‍ട്ടിക്കകത്ത് വിശദീകരണം തേടാനാണ് തീരുമാനം. ഇതു സംബന്ധമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയോട് സംസ്ഥാന നേതൃത്വം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്റ്റേറ്റ് അധികൃതര്‍ പൊതുവഴി അടച്ച് ഗേറ്റ് സ്ഥാപിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എ.ഡി.എമ്മിനെ തടയേണ്ട സാഹചര്യമില്ലായിരുന്നുവെന്ന വികാരമാണ് നേതൃത്വത്തിനുള്ളത്.

എ.ഡി.എമ്മിനെ ബിജിമോള്‍ തള്ളിമാറ്റുന്ന ദൃശ്യം പുറത്തായതും തുടര്‍ന്ന് കാലിന് പരിക്കേറ്റ് എ.ഡി.എം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടതും സി.പി.ഐക്ക് മാത്രമല്ല ഇടത് മുന്നണി നേതൃത്വത്തിനും ഇപ്പോള്‍ വലിയ തലവേദനയായിരിക്കുകയാണ്.

അക്രമണത്തിനെതിരെ സി.പി.എം-സി.പി.ഐ അനുകൂല ജീവനക്കാരടക്കം ജില്ലയിലെ മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരും ഇന്നലെ പണിമുടക്കിയിരുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച് നീക്കിയ ഗേറ്റ് പുന:സ്ഥാപിക്കാന്‍ ഹൈക്കോടതി തന്നെ നിര്‍ദേശിച്ച സാഹചര്യം തടയപ്പെട്ട സാഹചര്യത്തില്‍ ബിജിമോള്‍ കോര്‍ട്ടലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നിയമവിദഗ്ദരും സി.പി.ഐ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ എം.എല്‍.എയുടെ നടപടിക്കെതിരെ കോടതി ഏതെങ്കിലും തരത്തില്‍ പരാമര്‍ശം നടത്തിയാല്‍പോലും അത് രാഷ്ട്രീയ എതിരാളികള്‍ക്ക് വലിയ ആയുധമാകുമെന്ന ആശങ്കയും ഇടത് നേതാക്കള്‍ക്കുണ്ട്.

അതേസമയം പൊതുവഴി അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സമരം നടത്തി വരുന്ന സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സമരസമിതി ബിജിമോളുടെ സമര രീതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

നാട്ടുകാരല്ല പുറത്ത് നിന്ന് എം.എല്‍.എ ആളുകളെ കൊണ്ടുവന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം.

എ.ഡി.എമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബിജിമോള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉടനെ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Top