ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബാഹുബലി 500 കോടി ക്ലബ്ബില്‍ ഇടം നേടി

ചെന്നൈ: എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ ബാഹുബലി 500 കോടി ക്ലബ്ബില്‍ കടന്നു. റിലീസ് ചെയ്ത് നാലാഴ്ച്ച പിന്നിടുമ്പോഴാണ് ബാഹുബലി ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത്. വിജയത്തിന്റെ ഭാഗമായി പ്രത്യേക ടീസറും പുറത്ത് വന്നു അതും ചിത്രത്തിലെ രാജമൗലിയുടെ അതിഥി വേഷം ഉള്‍പ്പെടുത്തി.

കളക്ഷന്‍ റെക്കോഡില്‍ ഇന്ത്യയിലെ മൂന്നാമത്തെ ചിത്രമായി തീര്‍ന്നിരിക്കുകയാണ് ബാഹുബലി.ആമീര്‍ഖാന്‍ ചിത്രങ്ങളായ പികെ,ധൂം ത്രീ എന്നീ ചിത്രങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ബാഹുബലി ഈ സ്ഥിതി പോയാല്‍ അമീര്‍ഖാന്റെ ‘പികെ’ നേടിയ കളക്ഷന്‍ റിക്കാര്‍ഡ് തകര്‍ക്കാനാണു സാധ്യത. 754 കോടി രൂപയാണു പികെ നേടിയിരുന്നത്.

ബാഹുബലിയെ പ്രശംസിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ രംഗത്ത് എത്തിയത് വലിയ വാര്‍ത്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷാരൂഖ് ഖാനാണ് സിനിമയെ പ്രശംസിച്ച് ചര്‍ച്ചയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇത്ര വലിയ ഒരു സിനിമയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം വലിയ പ്രചോദനം നല്‍കുന്നു എന്നായിരുന്നു കിംഗ് ഖാന്റെ ട്വീറ്റ്. 250 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തീകരിച്ച ബാഹുബലി ഇരട്ടി ലാഭത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Top