ബാഹുബലി മാറ്റിയത് ഇന്ത്യന്‍ സിനിമയുടെ ചരിത്രം; യന്തിരന്‍ 2 ഇന്റര്‍നാഷണലാകും

ബാഹുബലി എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ വന്‍വിജയം ഇന്ത്യന്‍ സിനിമാരംഗത്ത് നല്‍കുന്നത് പുത്തന്‍ പ്രതീക്ഷകള്‍.

250 കോടി രൂപ മുതല്‍ മുടക്കി ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രമെടുക്കാന്‍ രാജമൗലി തീരുമാനിച്ചപ്പോള്‍ തന്നെ അത് അതിസാഹസമായി പലരും കരുതി. പക്ഷേ ആത്മവിശ്വാസത്തോടെ തന്റെ പരീക്ഷണവുമായി അദ്ദേഹം മുന്നോട്ടുപോയപ്പോള്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വമ്പന്‍ ഹിറ്റായി ചിത്രം മാറുകയും കളക്ഷനില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തിലൂടെ രാജമൗലി ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ സംവിധായകനായും മാറി.

ബാഹുബലിയുടെ വന്‍വിജയം പല സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും വന്‍ബജറ്റ് ചിത്രങ്ങള്‍ പുറത്തിറക്കാനുള്ള ആവേശവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിക്കഴിഞ്ഞു. ബിഗ് ബജറ്റ് ചിത്രങ്ങളുടെ രാജാവായ ശങ്കര്‍ തന്റെ പുതിയ ചിത്രമായ യന്തിരന്‍ 2 വിന്റെ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത് 450 കോടി രൂപയാണ്. ഇതില്‍ വില്ലന്‍ റോളില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നഗറിന് മാത്രം നല്‍കുന്നത് 100 കോടി രൂപയാണ്. ജനുവരിയില്‍ 25 ദിവസം അര്‍ണോള്‍ഡ് ചിത്രത്തിനായി ഡേറ്റ് നല്‍കിയിട്ടുണ്ട്. ഹോളിവുഡില്‍ നിന്നുള്ള നായിക തന്നെയാണ് അര്‍ണോള്‍ഡിനായി കൊണ്ടുവരുന്നത്. രജനീകാന്ത് നായകനാവുന്ന ചിത്രത്തില്‍ എമി ജാക്‌സനാണ് നായിക.

ലഭിക്കുന്ന വിവരം ശരിയാണെങ്കില്‍ ഈ ചിത്രം മറ്റ് ഹോളിവുഡ് സിനിമകളെപ്പോലെ തന്നെ ലോകമെമ്പാടും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളില്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നഗറിന്റെ താരമൂല്യം തന്നെയാണ് ഇതിന് കാരണം. രാജ്യത്തെ മറ്റൊരു നടനും ഇന്നുവരെ ലഭിക്കാത്ത അപൂര്‍വ്വ ഭാഗ്യമാണ് ഇതുവഴി രജനീകാന്തിനും സംവിധാകയന്‍ ശങ്കറിനും ലഭിക്കുന്നത്.

ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുന്ന ചിത്രമാക്കി യന്തിരന്‍ 2-വിനെ മാറ്റുകയെന്നതാണ് ശങ്കറിന്റെ സ്വപ്നം.

നാനൂറ്റമ്പത് കോടിയുടെ യന്തിരന്‍ 2 ശങ്കറിനെ ഒന്നാം സ്ഥാനത്തെത്തിക്കുമെങ്കിലും ആ സ്ഥാനത്തിന് എത്ര ആയുസ്സുണ്ടാകുമെന്ന് പറയാനാകില്ല. ബാഹുബലി തീര്‍ത്ത രാജമൗലിയുടെ ബാഹുബലത്തില്‍ ശങ്കറിന് ലഭിക്കാന്‍ പോകുന്ന ഒന്നാം സ്ഥാനത്തിനും അധികം ആയുസ്സ് കാണില്ലെന്ന സൂചന അദ്ദേഹം തന്നെ സിനിമാ ലോകത്തിന് നല്‍കിക്കഴിഞ്ഞു.

ബാഹുബലി 2 നു ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ചിത്രം ‘ഗരുഡ’ യുടെ ബജറ്റ് 1000 കോടി രൂപയാണ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാഭാരതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നു. മോഹന്‍ലാലിനെക്കൂടാതെ മഹേഷ്ബാബു, പുനീത്കുമാര്‍ എന്നീ സൂപ്പര്‍താരങ്ങളും പുതിയ ചിത്രത്തില്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന. എന്തായാലും ഈ ചിത്രവും ഇവിടെ ഒരു പുതിയ ചരിത്രം എഴുതുമെന്നുറപ്പാണ്.

ബാഹുബലിയുടെ വിജയം ബോളിവുഡില്‍ ഇതിനകം തന്നെ തരംഗങ്ങളുണ്ടാക്കിക്കഴിഞ്ഞു. ഹിന്ദിയിലും ഇനി പണം വാരിയെറിഞ്ഞുള്ള സിനിമകളായിരിക്കും പിറവിയെടുക്കുക.

2010 ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന്‍ മുതല്‍ ഹിന്ദിയില്‍ നൂറുകോടിയോളം ചിലവുവരുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

വിക്രമും എമി ജാക്‌സണും പ്രധാന വേഷത്തിലെത്തിയ ശങ്കര്‍ ചിത്രം ‘ഐ’ 100 കോടി ചിലവാക്കിയാണ് പുറത്തിറക്കിയത്.

നൂറു കോടിയിലധികം ചിലവാക്കി പുറത്തിറക്കിയ ബോളിവുഡ് ചിത്രമായ ക്രിഷിന്റെ മൂന്നു ഭാഗങ്ങളും ഹിറ്റായിരുന്നുവെങ്കില്‍ 110 കോടി ചിലവാക്കി പുറത്തിറക്കിയ ജയ് ഹോ പരാജയമായിരുന്നു.

സല്‍മാന്‍ഖാന്റെ കിക്ക് (120 കോടി) വന്‍ വിജയമായിരുന്നു. രജനീകാന്തിന്റെ മകള്‍ സൗന്ദര്യ സ്വന്തം അച്ഛനെ തന്നെ നായകനാക്കി അവതരിപ്പിച്ച ചിത്രം കൊച്ചടയാന് (125 കോടി) പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനുമായില്ല. എന്നാല്‍ നൂറുകോടിയിലധികം ചെലവാക്കി പുറത്തിറക്കിയ ധൂം എന്ന ബോളിവുഡ്‌ ചിത്രത്തിന്റെ മൂന്നു ഭാഗങ്ങളും വന്‍ വിജയമായിരുന്നു.

ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം ഇനി ബിഗ്ബജറ്റ് വസസന്തകാലമാണ് സിനിമാ പ്രേമികളെ കാത്തിരിക്കുന്നത്. പല പ്രമുഖ കോളിവുഡ്,ബോളിവുഡ് സംവിധായകരും നിര്‍മ്മാതാക്കളും ഇതിന്റെ പിന്നാലെയാണ്.

വന്‍തുക മുടക്കിയാലും റിക്കാര്‍ഡ് കളക്ഷന്‍ നേടാമെന്നതാണ് ഇവരുടെ ആകര്‍ഷണം. ഇന്ത്യന്‍ മാര്‍ക്കറ്റ് മുന്‍നിര്‍ത്തി പ്രമുഖ ഹോളിവുഡ് കമ്പനികളും ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്.

Top