ബാഹുബലിയിലെ ഗാനരംഗത്തെ വിമര്‍ശിച്ച നിരൂപകര്‍ക്ക് മറുപടിയുമായി തമന്ന

ബാഹുബലിയിലെ ഗാനരംഗത്തെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി നായിക തമന്നാ ഭാട്ടിയ. ബാഹുബലിയിലെ പച്ചൈ തീ എന്ന ഗാനരംഗത്തില്‍ നായികയായ അവന്തികയുടെ സമ്മതമില്ലാതെ നായകന്‍ ബാഹുബലി വസ്ത്രാക്ഷേപം നടത്തുകയായിരുന്നുവെന്നും ഇത് റേപ്പിന് തുല്യമാണെന്നായിരുന്നു നിരൂപകര്‍ക്കിടയില്‍ നിന്നുയര്‍ന്ന വിമര്‍ശനം.

പ്രമുഖ ചലച്ചിത്ര നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അന്നാ എംഎം വെട്ടിക്കോട് ദ റേപ്പ് ഓഫ് അവന്തിക എന്ന പേരില്‍ ദ ഹിന്ദുവില്‍ ഇതേക്കുറിച്ച് ലേഖനവും എഴുതിയിരുന്നു.

വിമര്‍ശനത്തില്‍ തമന്ന നല്‍കുന്ന മറുപടി ഇങ്ങനെ ” സ്ത്രീയെ മനോഹരമായ രീതിയില്‍ ചിത്രീകരിച്ച സിനിമയാണ് ബാഹുബലി, എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ടാകും, നിരൂപകര്‍ക്കും. എന്നാല്‍ എല്ലാത്തിനുപമരി സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. സിനിമ രസിക്കാന്‍ വേണ്ടിയുള്ളതാണ്, അല്ലാതെ ചികഞ്ഞ് വിശകലനം ചെയ്യാനുള്ളതല്ല, സിനിമകളിലെ ചില രംഗങ്ങളെ മാത്രം ആവശ്യമില്ലാതെ വിശകലനം ചെയ്യുന്നത് അവരുടെ സമാധാനം ഇല്ലാതാക്കുമെന്നും തമന്ന അഭിപ്രായപ്പെടുന്നു.

ഈ ഗാനരംഗം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ടി ഒരുക്കിയതാണെന്നും മറിച്ച് അര്‍ത്ഥങ്ങള്‍ കണ്ടെത്തേണ്ടതില്ല എന്നുമായിരുന്നു സംവിധായകന്‍ എസ് എസ് രാജമൗലി നേരത്തെ പ്രതികരിച്ചിരുന്നത്. നാഗാര്‍ജ്ജുനയും കാര്‍ത്തിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഊപ്പിരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് തമന്ന ഇപ്പോള്‍. വാസുവും ശരവണനും ഒന്നായ് പടിച്ചവങ്ക ആണ് തമന്നയുടെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം.

Top