ബാഴ്‌സയ്‌ക്കൊപ്പം കിരീടം ഉയര്‍ത്തി സാവി ഹെര്‍ണാണ്ടസ് സ്പാനിഷ് ലീഗിനോടു വിടപറഞ്ഞു

ബാഴ്‌സലോണ: ബാഴ്‌സയ്‌ക്കൊപ്പം കിരീടം ഉയര്‍ത്തി ബാഴ്‌സയുടെ പ്രിയ നായകന്‍ സാവി ഹെര്‍ണാണ്ടസ് സ്പാനിഷ് ലീഗിനോടു വിടപറഞ്ഞു. മധ്യനിരയിലെ ബുദ്ധികേന്ദ്രമായിരുന്ന ചാവി ക്ലബുമായുള്ള നീണ്ട 24 വര്‍ഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്. ചാവിക്ക് കളിക്കാരും ആരാധകരും ചേര്‍ന്ന് രാജകീയമായ വിടവാങ്ങലാണ് നല്‍കിയത്. അഞ്ഞൂറിലധികം മത്സരങ്ങളില്‍ ബാഴ്‌സയ്ക്കായി കളത്തിലിറങ്ങിയ സാവി എട്ടു സ്പാനിഷ് ലീഗ് കിരീടങ്ങളും മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ബാഴ്‌സയുടെ ഷെല്‍ഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

എന്നാല്‍ ലീഗിലെ അവസാന മത്സരത്തില്‍ ബാഴ്‌സ ഡിപ്പോര്‍ട്ടീവോയോടു 2-2 ന്റെ സമനില വഴങ്ങി. 5, 59 മിനിറ്റുകളില്‍ മെസി നേടിയ ഇരട്ടഗോളുകളുടെ കരുത്തില്‍ മുന്നിട്ടു നിന്ന ശേഷമാണ് ബാഴ്‌സ സമനില വഴങ്ങിയത്. ഡിപ്പോര്‍ട്ടീവോയ്ക്കായി പെരസ് മാര്‍ട്ടിനെസ്(67-ാം മിനിറ്റ്), സലോമാവോ (76-ാം മിനിറ്റ്) എന്നിവര്‍ ഗോളുകള്‍ മടക്കി.

ഖത്തറിലേക്കു കുടിയേറുന്നതിനാണു സ്‌പെയിന്റെ ഈ വെറ്ററന്‍താരം ബാഴ്‌സയുടെ കുപ്പായം അഴിച്ചുവയ്ക്കുന്നത്. ഖത്തറിന്റെ അല്‍സാദിന്റെ കുപ്പായത്തില്‍ വരുന്ന മൂന്നു വര്‍ഷം ഇനി സാവി കളിമെനയും. അല്‍സാദുമായി മൂന്നു വര്‍ഷത്തെ കരാറിലാണു സാവി ഖത്തറിലേക്കു പോകുന്നത്.

Top