ബാല വേല നിരോധന ഭേദഗതി നിയമം പാസാക്കണമെന്ന് കൈലാഷ് സത്യാര്‍ഥി

ന്യൂഡല്‍ഹി: സര്‍വ ലോകരുടെയും കാരുണ്യവും സഹാനുഭൂതിയും കൈമുതലാക്കികൊണ്ട് കൂട്ടായ മുന്നേറ്റത്തിലൂടെ ബാലവേലയെ ചരിത്രത്തിന്റെ താളുകളിലൊതുക്കാമെന്ന് സമാധാന നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. നൊബേല്‍ പുരസ്‌കാരം സ്വീകരിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ സത്യാര്‍ഥി കുട്ടികളോടൊപ്പം രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു. നിയമ നിര്‍മാണ സഭയുടെ അനുമതി കാത്ത് കിടക്കുന്ന ഭേദഗതി ചെയ്ത ബാലവേല നിരോധന നിയമം പാസ്സാക്കാന്‍ ലോക്‌സഭാ സാമാജികരോടും നേതാക്കളോടും അദ്ദേഹം അഭ്യര്‍ഥിച്ചു. നിയമം പാസായില്ലെങ്കില്‍ ചരിത്രം അവരോട് പൊറുക്കില്ല,

ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ അവര്‍ക്ക് മാപ്പ് നല്‍കുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 2009 ലെ, കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യഭ്യാസം ഉറപ്പു വരുത്തുന്ന നിയമത്തിന് പിന്‍ബലമേകിക്കൊണ്ടാണ് ഭേദഗതി ചെയ്ത ബാലവേല നിരോധന നിയമം വരുന്നത്. നിയമ പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. സത്യവും അഹിംസയും സമാധാനവും ചേര്‍ത്ത് ഗാന്ധിജി ഒരു കൂട്ടായ ജന മുന്നേറ്റം നയിച്ചു. ഞാന്‍ പറയുന്നത്, ദുരിതത്തിലകപ്പെട്ട കുഞ്ഞുങ്ങളോടുള്ള നമ്മുടെ സഹാനുഭൂതി ഒരു മുന്നേറ്റമാക്കി മാറ്റണമെന്നാണ് സത്യാര്‍ഥി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ശക്തമായ ജനാധിപത്യ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും പ്രശംസിച്ച സത്യാര്‍ഥി, മാറ്റം വന്ന് വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ എന്നും പറഞ്ഞു.

Top