ബാലവേല നിയമഭേദഗതിക്കെതിരെ സിപിഎം

ന്യൂഡല്‍ഹി: ബാലവേല സംബന്ധിച്ച നിയമങ്ങളില്‍ ഇളവു വരുത്തിയ എന്‍ഡിഎ സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം. സാമൂഹ്യ മാറ്റങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പേരില്‍ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് നിയമവിധേയമാക്കിയത് അംഗീകരിക്കാനാവില്ല.

ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ നടപടി പിന്‍വലിപ്പിക്കാന്‍ ജനാധിപത്യബോധമുള്ള എല്ലാ പൗരന്മാരും സമ്മര്‍ദം ചെലുത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള നടപടിയെടുക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. കുടുംബ തൊഴിലുകളെ പ്രോത്സാഹിപ്പിക്കാനാണെന്ന വാദവും തെറ്റാണ്. കുടുംബ തൊഴിലുകള്‍ ഇപ്പോള്‍ പുറംതൊഴിലായി കരാര്‍ നല്‍കുകയാണ്. അവിടെ കുട്ടികളെ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ കുട്ടികള്‍ക്ക് ദുരിതമാണ് നിയമഭേദഗതിയിലൂടെ ഉണ്ടായതെന്നും പി.ബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗം ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം തീരുമാനങ്ങള്‍ അറിയിക്കും.

Top