ബാലകൃഷ്ണപിള്ളയെയും പി.സി ജോര്‍ജിനെയും പരോക്ഷമായി പിന്തുണച്ച് വി.എസ്

കൊല്ലം: കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയെയും പി.സി ജോര്‍ജിനെയും തള്ളാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരെ ആരു സംസാരിച്ചാലും എല്‍ഡിഎഫ് അംഗീകരിക്കുമന്നും ഇരുവരും ഇപ്പോള്‍ എന്തു പറയുന്നുവെന്നാണ് നോക്കേണ്ടതെന്നും വി.എസ് പറഞ്ഞു. അഴിമതിക്കെതിരായ നിലപാട് പരിശോധിച്ച ശേഷം തീരുമാനിക്കും. അഴിമതിക്കെതിരെ പോരാടുക എന്നതാണ് ഇടതുമുന്നണിയുടെ നിലപാടെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പിള്ളയും പി.സി ജോര്‍ജും ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുമ്പോഴാണ് വിഎസിന്റെ പരോക്ഷമായ പിന്തുണ എന്നത് ശ്രദ്ധേയമാണ്.

ബാലകൃഷ്ണ പിള്ളയായാലും ജോര്‍ജ്ജ് ആയാലും അഴിമതിയുമായി ബന്ധപ്പെട്ട് പുറത്ത് പറയുന്നത് ശരിയാണ് എന്ന് ബോദ്ധ്യപ്പെട്ടാല്‍ പിന്തുണയ്ക്കും. ഇക്കാര്യം എല്‍.ഡി.എഫ് ആലോചിച്ച് തീരുമാനിക്കും. ഇടമലയാര്‍ കേസില്‍ വി.എസ് കേസ് കൊടുത്തിട്ടാണല്ലോ ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അഴിമതിക്കെതിരെ ഇപ്പോള്‍ എന്ത് നിലപാട് അവര്‍ സ്വീകരിക്കുന്നു എന്നാണ് നോക്കേണ്ടതെന്നായിരുന്നു അച്യുതാനന്ദന്റെ മറുപടി.

Top