ബാറ്റിംഗ് റേറ്റിംഗില്‍ സച്ചിനെയും ലാറയെയും കാലിസിനെയും മറി കടന്ന് സ്മിത്ത്

ലണ്ടന്‍: ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിംഗില്‍ ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ബ്രയാന്‍ ലാറയെയും ജാക് കാലിസിനെയും മറികടന്നു.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ 936 റേറ്റിംഗ് പോയന്റുമായാണ് സ്മിത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ചരിത്രത്തിലെ എക്കാലത്തെയും മികച്ച 10 റേറ്റിംഗ് പോയിന്റ് നേടാനും ഇതോടെ സ്മിത്തിനായി.

2000നുശേഷം ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗും(942) കുമാര്‍ സംഗക്കാരയും(938) മാത്രമാണ് സ്മിത്തിനേക്കാള്‍ റേറ്റിംഗ് പോയിന്റ് നേടിയിട്ടുള്ളു.

കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ 12 ടെസ്റ്റ് അര്‍ധസെഞ്ചുറികളുമായി റെക്കോര്‍ഡിട്ട ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്ലിയേഴ്‌സ് 935 റേറ്റിംഗ് പോയന്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയിരുന്നെങ്കിലും അതിനേക്കാള്‍ ഒരുപടി കൂടി കടന്നാണ് സ്മിത്ത് ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഐസിസി റാങ്കിംഗെല്ലാം നിലവില്‍ വരുന്നതിനും എത്രയോ മുമ്പ് 1948ല്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ നേടിയ 961 റേറ്റിംഗ് പോയന്റാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ്.

നിലവിലെ ഫോം തുടര്‍ന്നാല്‍ ഏറ്റവും മികച്ച രണ്ടാമത്തെ റേറ്റിംഗ് പോയന്റ് നേടിയിട്ടുള്ള സര്‍ ലെന്‍ ഹൂട്ടന്റെ(945) റെക്കോര്‍ഡ് പോലും സ്മിത്തിന് അന്യമല്ല.

ഈ റേറ്റിംഗ് ഒരു താരത്തിന്റെ കരിയറിലെ ആകെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല നിശ്ചയിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതാത് കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ റേറ്റിംഗ്. അതിനാല്‍ തന്നെ ഈ പട്ടികയില്‍ ആദ്യ പത്തിലെത്തിയവരില്‍ എക്കാലത്തെയും മികച്ച 10 ബാറ്റ്‌സ്മാന്‍മാമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവില്ല.

Top