ബാര്‍ കോഴ: അന്വേഷണ ഹര്‍ജി വന്നാല്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി സിബിഐ ഡയറക്ടറേറ്റ്‌

കൊച്ചി: ബാര്‍ കോഴ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നാല്‍ അന്വേഷണത്തിന് അനുകൂലമായ നിലപാട് സിബിഐ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹൈക്കോടതിയില്‍ സ്വീകരിക്കുമെന്ന് സൂചന.

ഇതു സംബന്ധമായ ‘ഉന്നതതല നിര്‍ദേശം’ ഇതിനകം തന്നെ നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ച് ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വന്നാല്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ‘ ഇടപെടലുകള്‍ ‘ നടത്താന്‍ കഴിയും. ഇതുതന്നെയാണ് യുഡിഎഫിനെ പോലെ തന്നെ സിപിഎമ്മിനും സിബിഐ അന്വേഷണത്തോട് എതിര്‍പ്പ് വരാന്‍ പ്രധാന കാരണം.

ബാര്‍ കോഴ കേസില്‍ ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോസ്ഥനെതിരെ ആരോപണമോ വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിയുമായിരുന്നു.

എന്നാല്‍ അത്തരമൊരു സാഹചര്യം ഈ കേസില്‍ ഇല്ലാത്തതിനാല്‍ ഇനി ഹൈക്കോടതി നിര്‍ദേശം നല്‍കിയാല്‍ മാത്രമേ സിബിഐക്ക് കേസ് ഏറ്റെടുക്കാന്‍ പറ്റൂ.

മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സിന് നിയമോപദേശം നല്‍കിയ സാഹചര്യത്തില്‍ ബിജു രമേശ് അടക്കമുള്ളവര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരെയാണ് ഇതിനായി നിയോഗിക്കുന്നതെന്നാണ് സൂചന.

അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളെയും നിഗമനങ്ങളെയും തള്ളിക്കളഞ്ഞ നിയമോപദേശത്തിന്റെ പ്രസക്തിയാണ് കോടതിയില്‍ പ്രധാനമായും ചോദ്യം ചെയ്യുന്നത്.
സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ മാണിയുടെ നിലനില്‍പ്പിനെ കേന്ദ്രീകരിച്ചായതിനാല്‍ നിയമോപദേശം സര്‍ക്കാര്‍ ‘നിര്‍ദേശ’ പ്രകാരമാണെന്നാണ് ബിജു രമേശിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണം.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ സാഹചര്യത്തില്‍ ബാര്‍ കോഴ കേസില്‍ മാണിക്കും സര്‍ക്കാരിനുമെതിരായ ഏതെങ്കിലും പരാമര്‍ശമോ നടപടികളോ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നതിനാല്‍, സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് ഹര്‍ജി വന്നാല്‍ സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും വാദങ്ങള്‍ സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാനുംഅണിയറയില്‍ നീക്കമുണ്ട്.

വിജിലന്‍സ് നിയമോപദേശത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ സ്വീകരിക്കുന്ന നിലപാടും തുടര്‍ നടപടികളില്‍ സര്‍ക്കാരിന് നിര്‍ണ്ണായകമാകും.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിലപാട് സ്വീകരിക്കേണ്ട ബാധ്യത വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇല്ലെങ്കിലും സര്‍ക്കാരിന് നിര്‍ണായകമായ കേസില്‍ മറിച്ചൊരു നിലപാട് വിന്‍സന്‍ എം പോള്‍ സ്വീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നിയമോപദേശത്തിന്റെ മറ പിടിച്ച് മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയാല്‍ ഉടന്‍ തന്നെ ഹൈക്കോടതിയില്‍ നിയമപോരാട്ടത്തിന് കളമൊരുങ്ങും.

Top