ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതിരോധത്തില്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. മന്ത്രി കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്റെ വാദങ്ങളും തള്ളിയാണ് വിജിലന്‍സ് കോടതി നിര്‍ണ്ണായക ഉത്തരവിട്ടിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

പ്രോസിക്യൂഷനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങള്‍ ഏറ്റവും അധികം ഉയര്‍ത്തിയതും വിഎസിന്റെ അഭിഭാഷകനാണ്.

വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് മരവിപ്പിച്ചാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ മന്ത്രി കെ എം മാണിയെ പുറത്താക്കണമെന്നും ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചരണ യോഗങ്ങളില്‍ സിപിഎം വന്‍ കടന്നാക്രമണമാണ് യുഡിഎഫിനെതിരെ നടത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണായുധമായി ബാര്‍കോഴ കേസ് മാറിയിരിക്കുകയാണ്.

വെള്ളാപ്പള്ളി ബിജെപി കൂട്ടുകെട്ടിനെതിരെ ശക്തമായി പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തി ഇടതുപക്ഷം നടത്തുന്ന പ്രചരണം ബാര്‍ കോഴയിലേക്ക് കൂടി തിരിഞ്ഞത് യുഡിഎഫ് കേന്ദ്രങ്ങളെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കോടതിയുടെ വിധിപ്രഖ്യാപനം വന്ന ഉടനെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലാം പ്രധാന പ്രചരണം ബാര്‍ കോഴ ആയിക്കഴിഞ്ഞിട്ടുണ്ട്.

ബാര്‍ കോഴ കേസില്‍ പ്രതിയായ കെ എം മാണിയെ രാജിവയ്പിക്കാതെ സംരക്ഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ് ഇടതുപക്ഷം പ്രധാനമായും പ്രതിക്കൂട്ടിലാക്കുന്നത്.

Top