ബാര്‍ കോഴ: വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം നിര്‍ണായകമാകും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം നിര്‍ണായകമാകും. നിയമ കുരുക്കികളിലേക്ക് കേസ് കടക്കുമെന്നതിനാല്‍ ബാര്‍കോഴയില്‍ ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ തിടുക്കത്തില്‍ തീരുമുണ്ടാകാമെടുക്കാന്‍ വഴിയില്ല.

ബാര്‍കോഴ രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതി സമീപിക്കാമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. അതേസമയം മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി.

കെ.എം.മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാവുന്ന തെളിവുകളില്ലെന്നാണ് എഡിജിപി ഷെയ്ക്ക് ദര്‍വ്വേസ് ഹാസിബിന്റെ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടത്തലുകള്‍ തള്ളുകയും നിയമോപദേശം ശരിവച്ചുമായിരുന്നു എഡിജിപിയുടെ ഇന്നലെ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തള്ളാനും കൊള്ളാനും ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന് അധികാരമുണ്ട്.

മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തിയാകും ഡയറക്ടര്‍ അന്തിമ തീരുമാനമെടുക്കുക. മാണിയെ കുറ്റവിമുക്തനാക്കിയാലുണ്ടാകുന്ന നിയമയുദ്ധങ്ങള്‍ മുന്നില്‍ കാണുന്നതിനാല്‍ കൃത്യമായ ആലോചനക്കുശേഷമായിരിക്കും തീരുമാനം.

Top