നിയമോപദേശം തള്ളി കുറ്റപത്രം നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരമാധികാരം

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ മതിയായ തെളിവില്ലെന്ന നിയമോപദേശത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാരിന് നിര്‍ണ്ണായകം.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കേണ്ട കാര്യമില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തന്നെ മുന്‍ ഉത്തരവാണ് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നത്.

കെ.ജെ ജോസഫ് വിജിലന്‍സ് ഡയറക്ടറായിരുന്ന കാലഘട്ടത്തില്‍ ഇറക്കിയ സര്‍ക്കുലറിലാണ് നിയമോപദേശത്തിനപ്പുറം മറ്റ് നടപടികളിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന് പോകാം എന്ന് വ്യക്തമാക്കിയിട്ടുള്ളത്. വിജിലന്‍സ് ഡയറക്ടറായ വിന്‍സന്‍ എം പോളാണ് ഇപ്പോള്‍ സ്‌റ്റേറ്റ് എസ്.എച്ച്.ഒ.

വിജിലന്‍സിന്റെ പരിഗണനയില്‍ വരുന്ന പരാതികള്‍ ആര് അന്വേഷിക്കണമെന്ന് തീരുമാനിക്കുന്നതും അവ വിഭജിച്ച് യൂണിറ്റുകള്‍ക്ക് കൈമാറുന്നതും വിജിലന്‍സ് ഡയറക്ടറുടെ വിവേചനാധികാരമാണ്.

ക്രമിനല്‍ കേസുകളില്‍ നിന്ന് വിഭിന്നമായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്നതിന് മുന്‍പ് സ്ഥാപന മേധാവി കണ്ട് അനുമതി നല്‍കണമെന്നതാണ് നിയമം.

ക്രിമിനല്‍ കേസുകളില്‍ കോടതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ഡിജിപിയുടെ അനുമതി തേടാറില്ല.

അന്വേഷണ ഉദ്യോഗസ്ഥന്റെയും നിയമോപദേശത്തിന്റെയും വിലയിരുത്തലുകളും കണ്ടെത്തലുകളും പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടത് ഇനി വിന്‍സന്‍ പോളായതിനാല്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാട് വ്യക്തി ജീവിതത്തിലും നിര്‍ണ്ണായകമാണ്.

സംസ്ഥാന പൊലീസ് സര്‍വ്വീസില്‍ ക്ലീന്‍ ഇമേജുള്ള വിന്‍സന്‍ എം പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ ഇമേജിനെ ബാധിക്കുന്ന ഒരു പ്രവര്‍ത്തിയും ചെയ്യില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

മുത്തൂറ്റ് പോള്‍ വധ കേസിലെ ‘എസ്’ കത്തി വിവാദം ഓര്‍മ്മയുള്ളതിനാല്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിന് വിന്‍സന്‍ എം പോള്‍ വഴങ്ങില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

സാഹചര്യ തെളിവുകളും ചില രേഖകളും മാണിക്ക് പ്രതികൂലമാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ വിജിലന്‍സ് കോടതിയിലെ നിയമോപദേശകന്‍ സി.സി അഗസ്റ്റിന്‍ നല്‍കിയ നിയമോപദേശത്തില്‍ ഇപ്പോഴത്തെ തെളിവുകള്‍ അപര്യാപ്തമാണെന്നും കുറ്റപത്രം നല്‍കാന്‍ തക്ക തെളിവില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കോഴ ആരോപണത്തിന് ബലമേകി ബിജു രമേശിന്റെ ഡ്രൈവര്‍ നല്‍കിയ നുണപരിശോധനാ ഫലം കോടതിയില്‍ തെളിവല്ലെന്നും അദ്ദേഹം ബിജുവിന്റെ ആശ്രിതനാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ശശീന്ദ്രനില്‍ നിന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയില്‍ നിന്നും നിയമോപദേശം തേടിയ ശേഷമെ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനമെടുക്കുവെന്നാണ് സൂചന.

Top