ബാര്‍ കോഴ: അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജന്‍സികളും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സികള്‍ സമാന്തര അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും വിജിലന്‍സില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ബാര്‍ കോഴയില്‍ കോടികളുടെ ഇടപാട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞെന്ന് വിജിലന്‍സ് കേന്ദ്ര ഏജന്‍സികളെ അറിയിച്ചു.

ധനമന്ത്രി കെ.എം മാണിക്കുപുറമെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോടികള്‍ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലും അതിനെ ശരിവയ്ക്കുന്ന ശബ്ദരേഖ പുറത്തുവന്നതുമാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും കേസില്‍ ഇടപെടാന്‍ കാരണം. ഇതിന്റെ ഭാഗമായി ആദായനികുതി കൊച്ചി ഓഫീസിലെ ഇന്‍വെസ്റ്റിഗേഷന്‍ അസി.ഡയറക്ടറുടെ തേൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ബിജുരമേശില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ബാര്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്റെ പണത്തിന്റെ ഉറവിടവും ഇവ കൈമാറ്റം ചെയ്യപ്പെട്ടതും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. തുടര്‍ന്ന് വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴസിലെത്തിയ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തുടര്‍ന്ന് പൂജപ്പുരയിലെ പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചി ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും വിജിലന്‍സില്‍ നിന്ന് വിവരം ശേഖരിച്ചത്. അടുത്ത ദിവസംതന്നെ മറ്റു ബാറുടമകളെയും ചോദ്യം ചെയ്യും.

കേന്ദ്ര ഏജന്‍സികള്‍ ഇടപ്പെട്ടതോടെ ബാര്‍ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ബാറുടമകളുടെയും മന്ത്രിമാരുടെയും സ്വത്തിനെക്കുറിച്ച് ഇനി അന്വേഷിക്കേണ്ടിവരും. അതോടെ പലരും കുടുങ്ങും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരായതിനാല്‍ സ്വധീനം ചെലുത്തി രക്ഷപ്പെടാനും കോണ്‍ഗ്രസിനാകില്ല. കോണ്‍ഗ്രസിനെതിരെ കിട്ടുന്ന ഏത് അവസരവും ബിജെപി ശക്തമായി ഉപയോഗിക്കും.

Top