ബാര്‍ ‘കോഴ’യില്‍ സിബിഐ സംഘം വേണ്ട; വിജിലന്‍സില്‍ വിശ്വാസമര്‍പ്പിച്ച് സി.പി.എം

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സംസ്ഥാന പൊലീസില്‍ വിശ്വാസമര്‍പ്പിച്ച് സി.പി.എം.

മിടുക്കരായ നിരവധി ഉദ്യോഗസ്ഥര്‍ കേരളാ പൊലീസിലുണ്ടെന്നും അവര്‍ക്ക് അന്വേഷണ ചുമതല നല്‍കിയാല്‍ മതിയെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവനയില്‍ ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷത്തെ ഘടകകക്ഷികളും ഞെട്ടിയിരിക്കുകയാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് കേരളാ പൊലീസില്‍ വിശ്വാസമര്‍പ്പിച്ച് പിണറായി നിലപാട് വ്യക്തമാക്കിയതെന്നാണ് സൂചന.

മന്ത്രിമാര്‍ക്കെതിരെ കോടതിയില്‍ ബിജു രമേശ് രഹസ്യ മൊഴി നല്‍കിയതിനാല്‍ തുടര്‍നടപടികളുടെ ഭാഗമായി മന്ത്രിമാര്‍ കേസില്‍ പ്രതികളാകുന്ന സാഹചര്യമുണ്ടായിട്ടും, കേന്ദ്ര അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമര്‍പ്പിക്കാതെ സംസ്ഥാനത്തെ പൊലീസിലും വിജിലന്‍സിലും വിശ്വാസമര്‍പ്പിച്ച പിണറായിയുടെ നിലപാട് സര്‍ക്കാരിന് ആശ്വാസമായിരിക്കുകയാണ്.

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെയും ക്ലീന്‍ ഇമേജിലും കര്‍ക്കശ നിലപാടിലും പൂര്‍ണമായ വിശ്വാസമര്‍പ്പിക്കുകയാണ് സി.പി.എം. ഏത് സമ്മര്‍ദ്ദമുണ്ടായാലും വഴങ്ങാത്ത ഇവരുടെ മുന്‍കാല ചരിത്രം കോഴയുടെ കെണിയില്‍പ്പെട്ടവര്‍ക്ക് കുരുക്കായി മാറുമെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്.

ലാവ്‌ലിന്‍ കേസടക്കം പാര്‍ട്ടി നേതാക്കള്‍ പ്രതിസ്ഥാനത്ത് നിന്ന കേസുകളിലെ സി.ബി.ഐ നിലപാടും കേന്ദ്ര ഏജന്‍സിയെ തള്ളാന്‍ സി.പിഎമ്മിനെ പ്രേരിപ്പിച്ച മറ്റൊരു ഘടകമാണ്.

രഹസ്യ മൊഴിയില്‍ വ്യക്തമാക്കിയ മൂന്ന് മന്ത്രിമാരില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പേര് പുറത്തു വന്നതിനാല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നാണ് സി.പി.എം നിലപാട്. മറ്റ് മന്ത്രിമാരുടെ പേര് പുറത്ത് വരുന്ന മുറയ്ക്ക് ഇവരുടെ രാജിയും ആവശ്യപ്പെടാനാണ് തീരുമാനം.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേര് മൊഴിയില്‍ ഉണ്ടെങ്കില്‍ ആദ്ദേഹത്തിന്റെ രാജിയും ആവശ്യപ്പെടും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ ചെന്നിത്തല തന്നെ തയ്യാറാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിലപാടിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് തിരുവഞ്ചൂരിന് കൈമാറിയ മുഖ്യമന്ത്രിയുടെ പാത രമേശ് ചെന്നിത്തലയും പിന്‍തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

എക്‌സൈസ് മന്ത്രിയുടെ പേര് വെളിപ്പെടുത്തിയ ബിജു രമേശ് മറ്റ് രണ്ട് മന്ത്രിമാരുടെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നതിനാല്‍ രഹസ്യ മൊഴിയുടെ പകര്‍പ്പ് പുറത്തു വന്നാലേ ഇത് സംബന്ധിച്ച വ്യക്തത കൈവരികയുള്ളൂ.

ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്(3) മൊഴി തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് കൈമാറും. ഇവിടെ നിന്ന് വിജിലന്‍സ് അന്വേഷണ സംഘത്തിന് സര്‍ട്ടിഫൈഡ് കേപ്പി ലഭിക്കും. ഇതിന് ശേഷമായിരിക്കും സര്‍ക്കാര്‍ നിലപാടും വകുപ്പ് മന്ത്രിയുടെ നിലപാടും വ്യക്തമാകുക.

രഹസ്യ മൊഴിയുടെ ഒറിജിനില്‍ സീല്‍ വച്ച കവറില്‍ കോടതിയില്‍ സൂക്ഷിക്കുന്നതിനാല്‍ കേസ് വിചാരണ വേളയില്‍ ഈ മൊഴി നിര്‍ണ്ണായകമാകും. പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങാന്‍ ഇനി ബിജു രമേശിനും കഴിയില്ല. കോടതി തന്നെ നേരിട്ട് രേഖപ്പെടുത്തിയ മൊഴിയായതിനാല്‍ മൊഴിയിലെ കാര്യങ്ങള്‍ അന്വേഷിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കുരുക്ക് വീഴും.

Top