ബാര്‍ കോഴക്കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബാര്‍കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതിരുന്നത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. ആഭ്യന്തരവകുപ്പിനെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും കോടിയേരി പരഞ്ഞു.

ജുഡീഷറിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുകയാണ്. ഇത് കോടതി പരിശോധിക്കണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേസില്‍ മുഖ്യമന്ത്രി കെ.എം മാണിയെ വഴിവിട്ടു സംരക്ഷിക്കുകയാണെണെന്നും കോടിയേരി ആരോപിച്ചു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തില്‍ ഭരണമില്ല എന്നതിന്റെ തെളിവാണ് സംഭവം.

വിമാനത്താവളത്തില്‍ അക്രമമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാവുന്നതാണ്. വിമാനത്താവളത്തിന്റെ നിയന്ത്രണം കലക്ടര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം നടപടികളൊന്നും സ്വീകരിച്ചില്ല. അതുകൊണ്ടാണ് അക്രമ സംഭവം അനിയന്ത്രിതമായി മണിക്കൂറുകള്‍ നീണ്ടത്. കരിപ്പൂര്‍ സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്രവും അന്തംവിട്ടു നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top