ബാര്‍ കോഴക്കേസ്; വിജിലന്‍സിന്റെ വാദങ്ങള്‍ കോടതി തള്ളി

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ വാദങ്ങള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനെ കോടതി വിമര്‍ശിച്ചു.

ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചെന്നു കോടതി വ്യക്തമാക്കി. അഭിപ്രായം പറയുകമാത്രമാണ് ചെയ്തതെന്ന വിജിലന്‍സ് ഡയറക്ടറുടെ വാദം കോടതി തള്ളി. ഡയറക്ടറുടെ കത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ക്കും എസ്.പിക്കും തുല്യഅധികാരമെന്ന വാദവും കോടതി തള്ളി. അന്വേഷണത്തിന്റെ പൂര്‍ണചുമതല എസ്.പി ആര്‍ സുകേശനു മാത്രമാണെന്നും ഡയറക്ടര്‍ക്ക് കേസില്‍ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.

കേസിലെ ശാസ്ത്രീയ തെളിവുകള്‍ മാണിക്കു കോഴ നല്കിയെന്ന് ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Top