ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സമ്മര്‍ദ്ദമുണ്ടായില്ലെന്ന് എസ് പി സുകേശന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നോ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്ന് വിജിലന്‍സ് എസ്.പി സുകേശന്‍. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടതു കൊണ്ടു മാത്രം പ്രതിയായ ആള്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. വിജിലന്‍സ് കേസുകളില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുന്നത് സാധാരണ നടപടിക്രമം മാത്രമാണ്. മുന്പും പല കേസുകളിലും ഇത്തരം തുടരന്വേഷണം നടത്തിയിട്ടുണ്ടെന്നും സുകേശന്‍ പറഞ്ഞു.

സമ്മര്‍ദ്ദം കാരണം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടങ്ങുമെന്നും സുകേശന്‍ അറിയിച്ചു.

Top