കോഴ കേസിലെ സമ്മര്‍ദ്ദം; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട്.

അരുവിക്കരയില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളുടെ തുടക്കമാണ് ബാര്‍ കോഴക്കേസില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ പ്രതിചേര്‍ത്ത് കേസെടുപ്പിക്കുകയും സമാന ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്ത വിജിലന്‍സ് നിലപാടില്‍ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

മാണിക്കെതിരെ കേസെടുത്തതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരള കോണ്‍ഗ്രസും ചെന്നിത്തലയെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് കേസില്‍ ഇടപെടില്ലെന്ന നിഷ്പക്ഷ നിലപാടാണെന്നു പറഞ്ഞ് പ്രതിഛായ മെച്ചപ്പെടുത്താനാണ് ചെന്നിത്തല ശ്രമിച്ചത്.

മാണിയെ കേസില്‍ കുടുക്കുകയും എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്നു പറഞ്ഞ് സംരക്ഷിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തെളിവില്ലെന്ന നിയമോപദേശം വാങ്ങി കെ.എം മാണിയെയും സംരക്ഷിച്ചെടുത്തിരിക്കുകയാണ്.

വിജിലന്‍സ് നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ താന്‍ യാതൊരു ഇപെടലും നടത്തിയിട്ടില്ലെന്നും സമ്മര്‍ദ്ദമുണ്ടായിരുന്നതായുമുള്ള ഫേസ്ബുക്ക് പോസ്റ്റിങ് ചെന്നിത്തല നടത്തിയത്.

‘ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞാന്‍ യാതൊരു വിധ ഇടപെലും നടത്തിയിട്ടില്ല. അത് എന്റെ വ്യക്തവും സുനിശ്ചിതവുമായ നിലപാടായിരുന്നു. ഈ നിലപാട് കൈക്കൊണ്ടതിന്റെ പേരില്‍ യു ഡി എഫിനുള്ളില്‍ നിന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് എനിക്ക് അനുഭവിക്കേണ്ടി വന്നത്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. വിന്‍സന്‍ എം പോളിനെപ്പോലെ സത്യസന്ധനും പ്രഗല്‍ഭനുമായ ഒരു ഉദ്യേഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചത്. അന്വേഷണ ഉദ്യേഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് കോടതിക്കാണെന്നും പ്രസ്തുത റിപ്പോര്‍ട്ട് തള്ളുന്നതും കൊള്ളുന്നതുമെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.’

സമ്മര്‍ദ്ദത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കും കെ.എം മാണിയിലേക്കും നീട്ടിയാണ് ചെന്നിത്തലയുടെ പ്രതികരണം. നേരത്തെ തന്നെ സോളാര്‍ അഴിമതിയും, ബാര്‍ കോഴക്കേസും ഉയര്‍ന്നപ്പോള്‍ ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് കേരളത്തില്‍ നേതൃമാറ്റ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്റ് അനുകൂലമായല്ല പ്രതികരിച്ചത്.

അരുവിക്കരയില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ വീണ്ടും നേതൃമാറ്റം ഉയര്‍ത്തി മുഖ്യമന്ത്രിയാകാനുള്ള കരുക്കളാണ് ചെന്നിത്തല നീക്കുന്നത്.

Top