സര്‍ക്കാരിന്റെ ഭാവി ഇനി വിജിലന്‍സിന്റെ കൈയ്യില്‍; ബാര്‍കോഴ വീണ്ടും കുരുക്കാകുന്നു

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതിയില്‍ ധനമന്ത്രി കെ.എം മാണിയുടെ വസതിയിലെത്തി അന്വേഷണം നടത്തിയ വിജിലന്‍സ് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.

മാണിയുടെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ ബിജു രമേശിന്റെ കാര്‍ മാണിയുടെ ഔദ്യോഗിക വസതിയിലെത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതോടെ മാണിയുടെ ആദ്യത്തെ മൊഴി തന്നെ പൊളിഞ്ഞിരിക്കുകയാണ്.

ഇനി മാണിയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യേണ്ടിവരും. ബാബുവിനെതിരെ അന്വേഷണത്തില്‍ തെളിവുകണ്ടെത്തുന്നതോടെ കേസെടുക്കേണ്ടി വരും. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ രാജിവെക്കുമെന്നും മന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെും ബാബു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബാബു രാജിവെക്കുകയാണെങ്കില്‍ ധനമന്ത്രി കെ.എം മാണിയും രാജിവെക്കേണ്ട സാഹചര്യമുണ്ടാകും. ഇത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തില്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഭീതി.

വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത ജനതാപരിവാറിന്റെ ഭാഗമായി ജനതാദള്‍ യുണൈറ്റഡ് ആയതോടെ ഇതുപക്ഷത്തേക്ക് പോകാനുളള സമയം നോക്കിയിരിക്കുകയാണ്. ആര്‍എസ്പിയും വേണ്ടിവന്നാല്‍ ഇടതുപക്ഷത്തേക്ക് ചായും എന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

സ്പീക്കര്‍ ജി. കര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ പി.സി ജോര്‍ജ് കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്കെല്ലാം ഗതിവേഗം പകരുക വിജിലന്‍സ് നടപടിയായിരിക്കും.

മാണി കണ്ടിട്ടേയില്ലെന്ന് പറഞ്ഞ ബാറുടമകള്‍ ഒരേ ടവര്‍ ലൊക്കേഷനിലെത്തിയതും ക്ലിഫ് ഹൗസിന്റെ ഗേറ്റ് കടന്നെത്തിയതും കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായി.

ഈ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം. മാണിയെ വീണ്ടും ചോദ്യംചെയ്യാന്‍ അന്വേഷണസംഘത്തലവന്‍ എസ്.പി സുകേശന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം. പോള്‍ അനുമതി നല്‍കുകയായിരുന്നു.

മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്നും നിലവിലെ കേസിന്റെ ഭാഗമായുള്ള അന്വേഷണം മതിയെന്നുമുള്ള എ.ജിയുടെ നിയമോപദേശം തള്ളിയാണ് തെളിവുകളുടെ അടിസഥാനത്തില്‍ വിന്‍സെന്റ് പോള്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതും സര്‍ക്കാരിന് തിരിച്ചടിയാണ്.

Top