ബാര്‍കോഴയിലെ ‘പാപക്കറ’ അരുവിക്കരയില്‍ കഴുകിക്കളയാന്‍ സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതി

തിരുവനന്തപുരം: അരുവിക്കരയില്‍ വിജയംവരിച്ച് പ്രതിപക്ഷത്തിന്റെ വായടക്കാന്‍ കരുനീക്കി മുഖ്യമന്ത്രി. ബാര്‍ കോഴ വിവാദത്തില്‍ തനിക്കേറ്റ ‘പാപക്കറ’ അരുവിക്കരയില്‍ കഴുകിക്കളയാമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പ് ഫലംവരെ ഏതുവിധേനയും രാജിവക്കാതെ പിടിച്ച് നില്‍ക്കുമെന്ന വാശിയോടെ കെ.എം മാണിയും മുഖ്യമന്ത്രിക്കൊപ്പം തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്.

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ വിധവ സുലേഖയെ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഹതാപ വോട്ടിന്റെ പിന്‍ബലത്തില്‍ അരുവിക്കരയിലേക്ക് വിജയരഥം അടുപ്പിക്കാമെന്ന പ്രതീക്ഷയാണ് ഇരു നേതാക്കള്‍ക്കുമുള്ളത്.

ഗ്രൂപ്പ് വ്യത്യാസമില്ലാതെ സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ തിരുവനന്തപുരത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെങ്കിലും മന്ത്രിസഭയുടെ നിലനില്‍പിനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യവും പരിഗണിച്ച് അരുവിക്കരയിലെ വിജയം അനിവാര്യമാണെന്ന് കണ്ട് അവര്‍ പിന്മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടക്കുന്ന ‘നിര്‍ണ്ണായക’ തെരെഞ്ഞടുപ്പായതിനാല്‍ വി.എം സുധീരനും സുലേഖ സ്ഥാനാര്‍ത്ഥിയാകുന്നതിനോടാണ് യോജിപ്പ്.  മറിച്ചൊരു പരീക്ഷണം നടത്തി പരാജയപ്പെട്ടാല്‍ തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും  അത് വെല്ലുവിളിയാകുമെന്ന തിരിച്ചറിവും സുധീരനുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സമ്പത്ത് അരുവിക്കരയില്‍ വന്‍ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും ഇടതുനേതാക്കളും.

ആര്‍എസപി തുടര്‍ച്ചയായി മത്സരിച്ചിരുന്ന മണ്ഡലത്തില്‍ അര്‍എസ്പി മുന്നണിയിലില്ലാത്ത സാഹചര്യം കണക്കിലെടുത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സിപിഎം തീരുമാനം. ഇടതുമുന്നണിയില്‍ ധാരണയുണ്ടാക്കി തീരുമാനം പിന്നീട് പ്രഖ്യാപിക്കും.

വി.എസ് അച്യുതാനന്ദന്‍  ‘പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലുള്ള’ വനെന്ന വിവാദ പ്രമേയം  സിപിഎം പിന്‍വലിക്കാതിരിക്കുകയും വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്താല്‍ വി.എസ് ഉടക്കുമോയെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.

സംസ്ഥാനത്തെ സംഘടനാ സംവിധാനം ബാര്‍ കോഴ പ്രക്ഷോഭത്തെ തുടര്‍ന്ന് സജീവമായതും അഴിമതിക്കെതിരെ പൊതു വികാരം ശക്തിപ്പെടുകയും ചെയ്ത അനുകൂല സാഹചര്യം പാര്‍ട്ടി കോണ്‍ഗ്രസോടെ വീണ്ടും പ്രതിസന്ധിയിലേക്ക് പോകുമോയെന്നാണ് സിപിഎം പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്.

ബാര്‍ കോഴ സമരത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും വി.എസ് സജീവമായി പ്രതിപക്ഷ നേതാവിന്റെ റോള്‍ വഹിച്ചതിനാല്‍ അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കില്ലെങ്കിലും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ‘പ്രായം’ പരിഗണിച്ച് മാറ്റി നിര്‍ത്താനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി വി.എസ് ഒതുങ്ങും.

വി.എസിനെതിരെ പിന്നെ എന്ത് നടപടി സ്വീകരിക്കണമെങ്കിലും നിയന്ത്രിക്കണമെങ്കിലും സംസ്ഥാന നേതൃത്വത്തിന്  കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയും സംഘടനാപരമായി ആവശ്യമില്ല.

ഈ സാഹചര്യത്തോട് വി.എസ് എങ്ങനെ പ്രതികരിക്കും എന്നതാണ് അരുവിക്കരയിലെ ‘ഓളങ്ങളില്‍’ നിര്‍ണായകമാവുക. കഴിഞ്ഞ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളില്‍ ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച് വി.എസ് സിപിഎമ്മിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആ ചരിത്രം ഇനി ആവര്‍ത്തിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അടുത്തമാസം വിജയവാഡയിലേക്ക് വണ്ടികയറുന്ന സിപിഎം നേതാക്കള്‍ തിരിച്ചുവരുന്നതോടെ സിപിഎമ്മില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.

ബിജിമോള്‍ക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ വിവാദ പരാമര്‍ശമുള്‍പ്പെടെ സര്‍ക്കാരിനെതിരായ മുഴുവന്‍ ആരോപണങ്ങളും കഴുകിക്കളയാന്‍ അരുവിക്കരയ്ക്ക് കഴിയുമെന്നതിനാല്‍ സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മണ്ഡലം ഏതുവിധേനയും നിലനിര്‍ത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതിനായി അരുവിക്കരക്കുമാത്രമായി പ്രത്യേക ‘പാക്കേജ് ‘ കൊണ്ടുവരാനാണ് നീക്കം.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസിന്റെ മികച്ച സംഘാടകരായ നേതാക്കള്‍ക്ക് അരുവിക്കരയിലെ ഓരോ ബൂത്തിന്റെയും പ്രത്യേക ചാര്‍ജ് നല്‍കും. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തിലായിരിക്കും പ്രചാരണം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുപുറമെ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. ദേശീയ തലത്തല്‍ നിന്ന് എ.കെ ആന്റണിയുടെ സജീവ സാന്നിധ്യവും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

Top