ബാബു ആന്റണി കരാട്ടെ സ്‌കൂള്‍ തുടങ്ങുന്നു

ആക്ഷന്‍ സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടനാണ് ബാബു ആന്റണി. ആയോധന കലയില്‍ പരിശീലനം നേടിയ ബാബു ആന്റണി സാഹസികമായ നിരവധി സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചു കൈയടി നേടിയിട്ടുണ്ട്. ഇപ്പോള്‍ ബാബു ആന്റണി പുതിയ റോളില്‍ രംഗത്തെത്തുന്നു. മാര്‍ഷ്യല്‍ ആട്‌സ് പഠിപ്പിക്കുന്ന സ്‌കൂള്‍ തുടങ്ങുകയാണ് ബാബു ആന്റണി. കേരളത്തിലല്ല വിദേശത്താണെന്നു മാത്രം. കരാമയിലാണ് ബാബു ആന്റണി സ്‌കൂള്‍ തുടങ്ങുന്നത്. അടുത്ത വര്‍ഷം ജനുവരി ഒന്‍പതിന് സ്‌കൂളിന്റെ ഉദ്ഘാടനം നടക്കും. ജൂഡോ, തൈക്കോണ്ട, കളരി തുടങ്ങിയ ആയോധന കലകള്‍ ഇവിടെ പരിശീലിപ്പിക്കും.
മലയാളത്തില്‍ നിരവധി ആരാധകരുണ്ടായിരുന്ന താരമായിരുന്നു ഒരു കാലത്ത് ബാബു ആന്റണി. നീട്ടി വളര്‍ത്തിയ മുടിയും ത്രസിപ്പിക്കുന്ന ആക്ഷനും യുവാക്കള്‍ക്കിടയില്‍ ഇദ്ദേഹത്തെ പ്രിയങ്കരനാക്കി. നിരവധി സിനിമകളില്‍ നായകനായിട്ടുമുണ്ട്. കടല്‍, ദാദ, അറേബ്യ, ചന്ത തുടങ്ങിയ സിനിമകള്‍ വന്‍ ഹിറ്റുമായിരുന്നു. ഇപ്പോള്‍ തമിഴ് സിനിമകളില്‍ സജീവമാണ് ബാബു ആന്റണി.

Top