ബാങ് ബാങ് 2 വരുന്നു; സിദ്ധാര്‍ത്ഥും ജാക്വിലിനും പ്രധാന വേഷത്തില്‍

2014ലെ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ബാങ് ബാങിന്റെ രണ്ടാം പതിപ്പ് ഉടന്‍ വരുന്നു. ആദ്യ പതിപ്പ് ഒരുക്കിയ സിദ്ധാര്‍ത്ഥ് ആനന്ദ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യ ഭാഗത്തിലെ പോലെ രണ്ടാം പതിപ്പിലും ദുരൂഹമായ സാഹചര്യത്തില്‍ നിന്നാകും നായകനെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ കഥ വളരെ വ്യത്യസ്തമായിരിക്കും.

മറ്റ് കഥാപാത്രങ്ങളേയും അണിയറപ്രവര്‍ത്തകരേയും വൈകാതെ തീരുമാനിക്കും. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തിലേക്ക് പ്രമുഖനായൊരു വില്ലനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ഹോളിവുഡ് ചിത്രമായ നൈറ്റ് ആന്റ് ഡേയുടെ ഹിന്ദി പതിപ്പാണ് ബാങ് ബാങ്. ആദ്യ പതിപ്പില്‍ ഋത്വികും കത്രീനയും തന്നെയായിരുന്നു പ്രധാന വേഷം അവതരിപ്പിച്ചത്. ഇവര്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാവുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഋത്വിക്കിന് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നമായതിനാലാണ് താരം ചിത്രത്തില്‍ നിന്നും പിന്മാറിയത്. അശുതോഷ് ഗോവരിക്കറിന്റെ മോഹന്‍ജുദാരോ എന്ന ചിത്രത്തിലാണ് ഋത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത്.

Top