ബാങ്കോക്ക് സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

ബാങ്കോക്ക്: തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഹിന്ദു ക്ഷേത്രത്തിനു സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. 78 പേര്‍ക്കു പരുക്കുണ്ട്. മരിച്ചവരില്‍ മൂന്നുപേര്‍ വിദേശികളാണ്. ചൈനയിലും തയ്‌വാനിലും നിന്നുള്ള വിനോദ സഞ്ചാരികളാണു പരുക്കേറ്റവരില്‍ ഏറെയും. ദുരന്തത്തിന് ഇരയായവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന് അറിവായിട്ടില്ല.

ബാങ്കോക്കിലെ ചിദ്‌ലോം ജില്ലയിലെ തിരക്കേറിയ സ്ഥലത്തു വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായ ഇരാവന്‍ ക്ഷേത്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. മോട്ടോര്‍ ബൈക്കില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്നു ഭയപ്പെട്ട പൊലീസ് സംഭവസ്ഥലത്തുനിന്നു ജനത്തെ തിരക്കിട്ട് ഒഴിപ്പിക്കുകയും ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. ശക്തിയേറിയ ബോംബാണു സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നു കരുതുന്നു.

കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ധാരാളം വിനോദസഞ്ചാരികള്‍ വരുന്ന സ്ഥലത്തു സ്‌ഫോടനങ്ങള്‍ നടത്തി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കാനുള്ള വിഘടനവാദികളുടെ ശ്രമമാണിതെന്നു തായ്‌ലന്‍ഡ് പ്രതിരോധമന്ത്രി പ്രവിത് വോങ്‌സുവാന്‍ പറഞ്ഞു.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top