ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ മൂന്നുവിക്കറ്റിനു കീഴടക്കി ചെന്നൈ ഫൈനലില്‍

റാഞ്ചി: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ മൂന്നുവിക്കറ്റിനു കീഴടക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്നു. അവസാന ഓവറില്‍ അഞ്ചു റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ ഒരു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണു ചെന്നൈയുടെ എതിരാളികള്‍. സ്‌കോര്‍: ബാംഗളൂര്‍ എട്ടിന് 139, ചെന്നൈ ഏഴിന് 140.

ടോസ് മുതല്‍ ധോണിക്കൊപ്പമായിരുന്നു ഭാഗ്യവും ഗാലറികളും. രണ്ടാംപന്തില്‍ ആശിഷ് നെഹ്‌റയെ സിക്‌സറിനു പറത്തി ഗെയ്ല്‍ തുടങ്ങിയെങ്കിലും സന്തോഷം അധികം നീണ്ടില്ല. അഞ്ചാം ഓവറിലെ ആദ്യപന്തില്‍ വിരാട് കോഹ്‌ലി പുറത്ത്. ഒമ്പതുപന്തില്‍ വെറും 12 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. ആ ഓവറിലെ അവസാനപന്തില്‍ നെഹ്‌റ വീണ്ടും ആഞ്ഞടിച്ചു. ഡിവില്യേഴ്‌സ് ഒരുറണ്‍സോടെ പുറത്ത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ബിഗ് ത്രീ ത്രയത്തിലെ രണ്ടുപേരും മടങ്ങിയതോടെ റണ്ണൊഴുക്കു നിലച്ചു. ഇതിനിടെ കഴിഞ്ഞ കളിയിലെ താരം മന്‍ദീപ് സിംഗും (നാല്) പവലിയനിലെത്തിയിരുന്നു.

അവസാനപ്രതീക്ഷയായ ഗെയ്‌ലിനെ തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ സുരേഷ് റെയ്‌ന തിരിച്ചയച്ചു. 43 പന്തില്‍ 41 റണ്‍സായിരുന്നു വെടിക്കെട്ട് താരത്തിന്റെ സമ്പാദ്യം. അവസാനനിമിഷം 17-കാരന്‍ സര്‍ഫ്രസ് ഖാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണു ചെന്നൈക്കു മുന്നില്‍ 140 റണ്‍സിന്റെ വിജയലക്ഷ്യം വയ്ക്കാന്‍ ബാംഗളൂരിനെ പ്രാപ്തരാക്കിയത്.

ചെറിയ ലക്ഷ്യമെങ്കിലും ബാംഗളൂരിന്റെ പോരാട്ടവീര്യം ചെന്നൈക്കു കാര്യങ്ങള്‍ കടുപ്പമാക്കി. സ്മിത്തിനെയും (17) മൂന്നാം ഓവറില്‍ തന്നെ നഷ്ടമായി. പിന്നീട് മൈക് ഹസിക്കൊപ്പം ഡുപ്ലസിസ് ചെന്നൈയെ മുന്നോട്ടു നയിച്ചു. എന്നാല്‍ യുവസ്പിന്നര്‍ യുഷ്‌വേന്ദ്ര ചഹാലിന്റെ തകര്‍പ്പന്‍ ബോളിംഗ് ബാംഗളൂരിനെ വീണ്ടും കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. ഡുപ്ലസിസിനെയും (21) റെയ്‌നയെയും (പൂജ്യം) രണ്ടു പന്തിന്റെ വ്യത്യാസത്തില്‍ പുറത്താക്കിയതോടെ കോഹ്‌ലിയും കൂട്ടരും ജയപ്രതീക്ഷയിലായി. എന്നാല്‍, ഹസി ആദ്യമായി ഫോമിലായതോടെ ചെന്നൈ ജയത്തോടടുത്തു. സ്‌കോര്‍ 108 ല്‍ നില്‍ക്കെ 56 റണ്‍സെടുത്ത ഹസി പുറത്തായെങ്കിലും ചെന്നൈ ജയത്തോടെ ഫൈനലിലേക്കു കുതിച്ചു.

Top