ബസ് ചാര്‍ജ് വര്‍ധന; പുതുക്കിയ നിരക്ക് ഉടന്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു. പുതുക്കിയ നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തും. കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വര്‍ധിപ്പിക്കും. രാത്രിയാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും സഞ്ചരിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയില്‍ നിന്നും അഞ്ച് രൂപയായി ഉയര്‍ത്തും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന നടപ്പിലാക്കുന്നത്.

Top