ബരാക്ക് ഒബാമയ്ക്ക് രാഷ്ട്രപതി ഭവനില്‍ ആവേശോജ്വലമായ സ്വീകരണം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ് നല്‍കി. പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് സ്വീകരിച്ചു.

റിപ്പബ്‌ളിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ അംഗീകാരമെന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഒബാമ പറഞ്ഞു. തുടര്‍ന്ന് ഒബാമ രാജ്ഘട്ടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തുകയും വൃക്ഷതൈ നടുകയും ചെയ്തു.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, മനോഹര്‍ പരീഖര്‍ എന്നിവരും രാഷ്ട്രപതിഭവനില്‍ ഒബാമയെ സ്വീകരിക്കാനെത്തിയിരുന്നു.

ഉച്ചക്ക് ഒരു മണിക്ക് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നില്‍ ഒബാമ പങ്കെടുക്കും. ശേഷം ഇരുവരും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. 2.15ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ സഹകരണ കരാറുകളില്‍ നയനന്ത്ര പ്രതിനിധി സംഘം ചര്‍ച്ച നടത്തും. പ്രതിനിധി തല ചര്‍ച്ച പൂര്‍ത്തിയാകുന്നതോടെ മോദിയും ഒബാമയും സംയുക്ത പ്രസ്താവന നടത്തും.

വൈകിട്ട് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതോടെ ഒബാമയുടെ സന്ദര്‍ശനത്തിന്റെ ആദ്യദിനം പൂര്‍ത്തിയാകും.

നാളെ ഉച്ചവരെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായി ക്ഷണിച്ചത് വലിയ ബഹുമതിയാണെന്ന് നേരത്തെ രാഷ്ട്രപതിക്കയച്ച സന്ദേശത്തില്‍ ഒബാമ പറഞ്ഞു. നാളെ ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍മാരുമായും ഒബാമ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

Top