ബഫര്‍സോണ്‍ വിഷയത്തില്‍ കെസിബിസിയുടെ സമരപ്രഖ്യാപനത്തിനെതിരെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ കെസിബിസിയുടെ സമരപ്രഖ്യാപനത്തിനെതിരെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ആശങ്കയുള്ളവരും പരാതിയുള്ളവരും വിദഗ്ദ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. ബഫര്‍സോണ്‍ വിഷയം സുപ്രീം കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്. കേരളത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി സുപ്രീം കോടതിയെ അറിയിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും മന്ത്രി പ്രതികരിച്ചു.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സാറ്റ്‌ലൈറ്റ് സര്‍വേയിലേക്ക് സര്‍ക്കാര്‍ കടന്നതെന്ന് മന്ത്രി വ്യക്തമാക്കി. സാറ്റലൈറ്റ് സര്‍വേയെ മാത്രം ആശ്രയിച്ചല്ല സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിദഗ്ദ സമിതിയുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 23 വരെയാണ് വിദഗ്ദ സമിതിയ്ക്ക് മുന്നില്‍ പരാതി ബോധിപ്പിക്കാനുള്ള സമയം. എന്നാല്‍ ഈ സമയം നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കമ്മീഷന്റെ കാലാവധി നീട്ടുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷക താല്‍പര്യത്തിന് അനുസരിച്ചുള്ള നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കെസിബിസി നേതൃത്വം ഇത് മനസിലാക്കണം. രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ നടത്തുന്ന ശ്രമങ്ങളോട് കൂട്ടുനില്‍ക്കരുതെന്നും മന്ത്രി കെസിബിസിയോട് അഭ്യര്‍ത്ഥിച്ചു.

ബഫര്‍സോണ്‍ വിഷയത്തില്‍ താമരശേരിയിലും വയനാട്ടിലും കണ്ണൂരിലും ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്ന് കെസിബിസി അറിയിച്ചിരുന്നു. താമരശ്ശേരി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച രാവിലെ പൂഴിത്തോട് നിന്നും കക്കയത്തു നിന്നും ആരംഭിക്കുന്ന പദയാത്ര ചക്കിട്ടപ്പാറയില്‍ വൈകീട്ട് സമാപിക്കും. താമരശ്ശേരി രൂപത അദ്ധ്യക്ഷന്‍ റെമിജിയോസ് ഇഞ്ചാനി യാത്ര ഉദ്ഘാടനം ചെയ്യും.

Top