ബജറ്റ് റദ്ദാക്കാന്‍ സാധ്യത; സര്‍ക്കാരിന്റെ ഭാവി ഗവര്‍ണറുടെ വിരല്‍തുമ്പില്‍

തിരുവനന്തപുരം: കേരള നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ച് അല്ലാതെ അവതരിപ്പിച്ച ബജറ്റ് റദ്ദാക്കാന്‍ സാധ്യത തെളിയുന്നു. പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ചട്ടപ്രകാരം ബജറ്റ് റദ്ദാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭതന്നെ രാജിവെക്കേണ്ട അതീവ ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയാണ് ഉരുത്തിരിയുന്നത്.

കേരള നിയമസഭാ ചട്ടം അനുസരിച്ച് സ്പീക്കര്‍ ചെയറില്‍ ഇരുന്ന് ഓര്‍ഡര്‍ നല്‍കാതെ ബജറ്റ് അവതരിപ്പിക്കാനാവില്ല. സ്പീക്കറുടെ അനുമതിയില്ലാതെ ബജറ്റ് അവതരിപ്പിക്കാനും പാസാക്കാനുമാവില്ല. സ്പീക്കര്‍ ചെയറില്‍ ഇരുന്നു ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ നിയമസഭ ചേര്‍ന്നതായി പോലും കണക്കാക്കാനാവൂ എന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍. ശക്തന് ഡയസില്‍ എത്താനോ ചെയറില്‍ ഇരിക്കാനോ സാധിച്ചിട്ടില്ല. പ്രതിഷേധത്തിനിടെ സഭയിലെത്തിയപ്പോള്‍ സ്പീക്കറെ പ്രതിപക്ഷ എം.എല്‍.എമാര്‍ തടഞ്ഞിരുന്നു. ബഹളത്തിനിടെ മാണിക്ക് ആംഗ്യം കാണിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയെന്നാണ് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞത്. എന്നാല്‍ ഈ വാദം ചട്ടപ്രകാരം നിലനില്‍ക്കുന്നതല്ല.

സഭയിലെ സീറ്റില്‍ സ്പീക്കറെത്തി ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും ധനമന്ത്രി ബജറ്റ് മേശപ്പുറത്തുവെച്ചെന്ന് പറയുകയും സ്പീക്കര്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്താല്‍ മാത്രമേ ചട്ടപ്രകാരം ബജറ്റ് അവതരിപ്പിക്കാനാവൂ. കേവലം ഒരു മിനിട്ടുകൊണ്ടുമാത്രം ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. എന്നാല്‍ സ്പീക്കര്‍ക്ക് ഡയസിലും ചെയറിലും എത്താനാവാത്ത സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിച്ചതായുള്ള വാദം ചട്ട പ്രകാരം നിലനില്‍ക്കില്ല.

നിയമങ്ങളും ചട്ടങ്ങളും തലനാരിഴകീറി പരിശോധിക്കുന്ന മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ
പി. സദാശിവം ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടായിരിക്കും നിര്‍ണായകം. പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ ബജറ്റ് റദ്ദാക്കിയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ രാജിവെക്കേണ്ടി വരും. മാണിക്കെതിരെ ബി.ജെ.പിയും സമരരംഗത്തായതിനാല്‍ ബജറ്റ് റദ്ദാക്കാന്‍ ഗവര്‍ണര്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദവുമുണ്ടാകും.

Top