ബംഗാളില്‍ തിരിച്ചുവരാനൊരുങ്ങി സിപിഎം; പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കും

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ടത്തിന് മുന്നില്‍ വന്‍ തിരിച്ചടി നേരിട്ട ബംഗാളിലെ സിപിഎം തിരിച്ചുവരവിനൊരുങ്ങുന്നു.

പുതിയ സിപിഎം സംസ്ഥാന സെക്രട്ടറി സുര്‍ജ്യ കാന്ത മിശ്രയുടെ നേതൃത്വത്തില്‍ വലിയ രൂപത്തിലുള്ള കര്‍മ്മ പരിപാടികളാണ് ഇതിനായി സിപിഎം ആവിഷ്‌കരിച്ചിരിക്കുന്നത്.

വിജയവാഡയില്‍ ഏപ്രില്‍ 15മുതല്‍ 19 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ശക്തമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം.

പതിറ്റാണ്ടുകള്‍ നീണ്ട ഇടതുപക്ഷ ഭരണത്തിലെ ചില പാളിച്ചകളാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ വഴിയൊരുക്കിയതെന്ന് വിലയിരുത്തുന്ന സിപിഎം, കര്‍ഷക താല്‍പര്യം മുഖവിലയ്‌ക്കെടുക്കാതെ ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ മേലില്‍ അധികാരം ലഭിച്ചാല്‍ നടത്തില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ്.

സിംഗൂരില്‍ ടാറ്റയുടെ നാനോ ഫാക്ടറിക്ക് വേണ്ടി 997 ഏക്കര്‍ ഭൂമിയും നന്ദീഗ്രാമില്‍ സലീം ഗ്രൂപ്പിന് വേണ്ടി പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി 10,000ഏക്കര്‍ ഭൂമിയും പിടിച്ചെടുക്കാന്‍ നടത്തിയ വെടിവയ്പാണ് ബംഗാളിലെ സിപിഎമ്മിന്റെ അടിത്തറ തകര്‍ത്തിരുന്നത്.

പ്രാദേശിക നേതാക്കള്‍ മുതല്‍ ഉന്നത നേതാക്കള്‍ക്കെതിരെ വരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ധിക്കാരതയുമെല്ലാം ജനങ്ങള്‍ക്കിടയില്‍ നിന്ന് പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ വഴിയരുക്കിയതായി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചിരുന്നു.

1200-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്എഫ്‌ഐ യൂണിറ്റുകള്‍ക്ക് തൃണമൂല്‍ ഭരണത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് മറികടക്കാന്‍ പ്രാദേശിക തലങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിക്കാനാണ് തീരുമാനം.

ഡിവൈഎഫ്‌ഐ – സിഐടിയു സംഘടനകളെയും പഴയകാല പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാനും വിപുലമായ പദ്ധതികളാണ് സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാക്കുന്നത്.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തത് സിപിഎം നേതൃത്വത്തിന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ശാരദ ചിട്ടി തട്ടിപ്പ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണത്തിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പെട്ട് മമത സര്‍ക്കാര്‍ വലയുന്നത് മുതലെടുക്കുന്ന ബിജെപി നീക്കം തടയാന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുങ്ങാനാണ് സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.

തൃണമൂല്‍ ആക്രമണം ഭയന്ന് ചില പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയ സാഹചര്യം മറികടക്കാന്‍ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രാദേശിക തലങ്ങളില്‍ നേരിട്ട് ഇടപെടാനാണ് ആലോചന.

മോഡി ‘പ്രഭയില്‍’ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിയ ബിജെപിക്ക് ഡല്‍ഹിയില്‍ ലഭിച്ച തിരിച്ചടി ബംഗാളിലും പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

നിലവില്‍ 294 അംഗ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 184 സീറ്റും ഇടതുമുന്നണിക്ക് 61 സീറ്റുമാണുള്ളത്. ജിജെഎമ്മിന് മൂന്നും ബിജെപിക്ക് ഒന്നുമാണ് മറ്റ് പാര്‍ട്ടികളുടെ അംഗസംഖ്യ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള 42 എംപിമാരില്‍ 34 എംപിമാരെ വിജയിപ്പിച്ചതും തൃണമൂല്‍ കോണ്‍ഗ്രസാണ് . കോണ്‍ഗ്രസ് നാല് സീറ്റ് നേടിയപ്പോള്‍ ബിജെപിക്കും സിപിഎമ്മിനും രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വോട്ടിംഗ് ശതമാനത്തിലും വലിയ രൂപത്തിലുള്ള ചോര്‍ച്ച സിപിഎമ്മിന് സംഭവിച്ചിരുന്നു.

ഇടതുമുന്നണിക്ക് കിട്ടേണ്ട നല്ലൊരു ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നതിനാല്‍ അവ തിരിച്ച് പിടിക്കാനും സിപിഎം കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഒരേസമയം ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും എതിര്‍ക്കുന്നതോടൊപ്പം പ്രാദേശിക മേഖലകളിലെ ‘സെന്‍സിറ്റീവ്’ വിഷയങ്ങളില്‍ ഇടപെട്ട് ജനങ്ങളെ ഒപ്പം നിര്‍ത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. തൃണമൂല്‍ ആക്രമണത്തെ നേരിടാന്‍ പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കാനും പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്.

തൃണമൂലിനെ തളക്കാന്‍ ചെങ്കൊടിക്ക് മാത്രമെ കഴിയു എന്ന് പ്രഖ്യാപിച്ച് അന്തിമ പോരാട്ടത്തിനൊരുങ്ങുകയാണ് ബംഗാളിലെ സിപിഎം. തീവ്രനിലപാടുകാരായ ഇടത് പാര്‍ട്ടികളെ അടക്കം ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിച്ച് പ്രതിഷേധമുയര്‍ത്തുകയാണ് ലക്ഷ്യം.

ദേശീയ തലത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി കൂടി വരുന്നതോടെ ബംഗാളിലെ പാര്‍ട്ടിക്ക് ശക്തമായ ഉണര്‍വേകുമെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ. നിലവില്‍ കേരളത്തിലും തൃപുരയിലുമായി ഒതുങ്ങിയ സിപിഎമ്മിന് ദേശീയ രഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ ബംഗാളിലെ വിജയം അനിവാര്യമാണ്.

2016-മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ സിപിഎം കരുനീക്കം.

Top