ബംഗളൂരു സ്‌ഫോടനം; കര്‍ണാടകയില്‍ സുരക്ഷ കര്‍ശനമാക്കി

ബംഗളൂരു: കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷ കര്‍ശനമാക്കി. പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ സ്ത്രീ മരിക്കുകയും പതിനേഴുകാരിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പുതുവത്സര ആഘോഷങ്ങള്‍ ഏറ്റവുമധികം നടക്കുന്ന ചര്‍ച്ച് സ്ട്രീറ്റിലാണു കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്. ഈ സാഹചര്യത്തില്‍ കൂടിയാണു സുരക്ഷ കര്‍ശനമാക്കിയതെന്നു ബംഗളൂരു ഡിസിപി സന്ദീപ് പാട്ടീല്‍.

ബംഗളൂരുവില്‍ കൂടുതല്‍ നിരീക്ഷണ ടവറുകള്‍ സ്ഥാപിക്കും. എല്ലാ പൊലീസുകാര്‍ക്കും രാത്രികാലങ്ങളില്‍ കാണാന്‍ സാധിക്കുന്ന ബൈനാക്കുലറുകള്‍ നല്‍കും. ഇരുപത്തിയഞ്ചോളം അധികം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 24 മണിക്കൂര്‍ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സര്‍വീസുകള്‍ ലഭ്യമാക്കും. ഒരു വാഹനവും അധിക നേരം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തര വാദിത്വമേറ്റെടുത്തു കൊണ്ടുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ ബംഗളൂരു നഗരത്തില്‍ വീണ്ടും സ്‌ഫോടനങ്ങള്‍ നടത്തുമെന്നു ഭീഷണിയുണ്ടായിരുന്നു. ലേറ്റസ്റ്റ് അബ്ദുള്‍ എന്ന അക്കൗണ്ടില്‍ നിന്നുമായിരുന്നു സന്ദേശം വന്നത്. ഈ അക്കൗണ്ട് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ഇതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. സ്‌ഫോടന സ്ഥലത്തു നിന്നു ലഭിച്ച തെലങ്ക് ദിനപത്രത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാനയിലേക്ക് അന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.

Top