ബംഗളുരു സ്‌ഫോടനക്കേസ് അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടു

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസ് അന്വേഷണം ഇനി എന്‍ഐഎയ്ക്ക്. കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരം കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

നിലവില്‍ ബംഗളൂരു പോലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുഎപിഎ പ്രകാരമുള്ള കേസായതിനാലാണ് എന്‍ഐഎ ഏറ്റെടുത്തത്. ബംഗളൂരു പ്രത്യേക കോടതിയില്‍ വിചാരണ തുടരുന്ന കേസിന്റെ തുടര്‍വിചാരണ ഇനി എന്‍ഐഎ കോടതിയില്‍ നടക്കും.

കേസ് യു.എ.പി.എ ആക്റ്റ് പ്രകാരമായതിനാല്‍ നടത്തിപ്പും വിചാരണയും പൂര്‍ത്തിയാക്കാന്‍ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ സീതാറാം ബുധനാഴ്ച വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി വിചാരണ കോടതി പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്ക് കൈമാറുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ഉത്തരവ് പ്രകാരമാണ് കേസ് മാറ്റിയത്. കേസ് മാറ്റിയതു സംബന്ധിച്ചുള്ള അറിയിപ്പ് വിചാരണ നേരിടുന്നവര്‍ക്ക് അയച്ചിട്ടുണ്ട്.

2008 ജൂലൈ 25നാണ് ബംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരു സ്ത്രീ മിരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഅദ്‌നി ഉള്‍പ്പെടെ 32 പ്രതികളാണ് കേസിലുള്ളത്.

Top