ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് ഡബ്ബാവാലകള്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്തും സജീവമാകുന്നു

മുംബൈ : മുംബൈയിലെ ഡബ്ബാവാലകളുമായി കൈകോര്‍ത്തിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരികളായ ഫ്‌ളിപ്കാര്‍ട്ട്. ആദ്യമായാണ് ഒരു ഓണ്‍ലൈന്‍ കമ്പനിയുമായി ഡബ്ബാവാലകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.

നിസ്വാര്‍ത്ഥ സേവനത്തിലൂടെ ലോകമെങ്ങും അറിയപ്പെടുന്നവരാണ് മുംബൈയിലെ ഡബ്ബാവാലകള്‍. മഹാനഗരത്തിലെ വിവിധയിടങ്ങളിലുള്ളവര്‍ക്ക് അവരുടെ വീടുകളില്‍ നിന്നും നല്‍കുന്ന ഭക്ഷണം കൃത്യമായി എത്തിച്ചുകൊടുക്കുകയാണ് ഡബ്ബാവാലകളുടെ ജോലി. ദിവസേന 5,000 ത്തിലധികം ഭക്ഷണപ്പൊതികളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.

സമാനരീതിയില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഡലിവെറി സെന്ററുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇവര്‍ ഭക്ഷണപ്പൊതികള്‍ ശേഖരിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കും. മുന്‍കൂട്ടി പണമടച്ചവര്‍ക്കാണ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക. ഏത് പ്രതികൂല സാഹചര്യത്തിലും കൃത്യമായി ജോലി ചെയ്യുന്ന മുംബൈയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡായ ഡബ്ബാവാലകളുമായുള്ള പങ്കാളിത്തം തങ്ങളുടെ വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായകരമാകുമെന്ന് ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു.

ഡബ്ബാവാലകളുടെ ആദ്യബാച്ച് കമ്പനിയുടെ ഡെലിവെറി സെന്ററുകളില്‍ പരിശീലനത്തിലാണെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു. ആദ്യഘട്ടത്തില്‍ സാധാരണ പരിശീലനം നല്‍കുന്ന ഇവരെ പിന്നീട് ആപ്‌ളിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് പരിശീലിപ്പിക്കും.

Top