ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ്: പാരീസിലെ കളിമണ്‍ കോര്‍ട്ട് ഇന്നുണരും

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന് ഇന്ന് പാരീസില്‍ തുടക്കം. നൊവാക് ജോക്കോവിച്ചും സെറീന വില്യംസുമാണ് ടോപ് സീഡുകള്‍. മികച്ച ഫോമില്‍ പാരീസിലേക്ക് എത്തുന്ന ജോക്കോവിച്ചും മറേയുമാണ് കിരീടസാധ്യതയില്‍ മുന്നില്‍. 2009ലെ ചാംപ്യനായ റോജര്‍ ഫെഡറര്‍, ജാപ്പനീസ് താരവും അഞ്ചാം സീഡുമായ കെയ് നിഷിക്കോരി എന്നിവര്‍ക്ക് ആദ്യദിനം മത്സരമുണ്ട്.

സീസണിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാമിന് പാരീസിലെ കളിമണ്‍ കോര്‍ട്ടില്‍ തുടക്കമാകുമ്പോള്‍ റാഫേല്‍ നദാലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 9 ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ നദാല്‍ ഈ കളിമണ്‍ കോര്‍ട്ട് സീസണില്‍ 5 തവണ തോറ്റുകഴിഞ്ഞു. ജോക്കോവിച്ച്, മറേ, ഫെഡറര്‍ ത്രയത്തേക്കാള്‍ നദാലിനെ വലയ്ക്കുന്നതും പരിക്കും മോശം ഫോമും ആണ്.

വനിതാ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍ മരിയ ഷറപ്പോവയും ടോപ് സീഡും സെറീന വില്ല്യംസിനുമൊപ്പമാണ് പന്തയക്കാരും. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ സിമോണ ഹാലെപ്പ്, അനാ ഇവാനോവിച്ച് എന്നിവര്‍ ഇന്ന് ആദ്യ റൗണ്ടിലിറങ്ങും.

സിംഗിള്‍സില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല. വനിതാ റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിന്റെ തിളക്കവുമായി എത്തുന്ന സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസനൊപ്പം കീരീടം നേടാമെന്ന് പ്രതീക്ഷയിലാണ്. പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. വനിതാ ഫൈനല്‍ അടുത്ത മാസം ആറിനും പുരുഷ ഫൈനല്‍ ഏഴിനും നടക്കും

Top